
ന്യൂഡൽഹി: വനിതാ പ്രിമിയർ ലീഗിലെ ഏറ്റവും വല്യ ചേസിംഗിലൂടെ ക്യാപ്ടൻ ഹർമ്മൻ പ്രീത് കൗറിന്റെ ബാറ്റിംഗ് വെടിക്കെട്ടിന്റെ പിൻബലത്തിൽ ഗുജറാത്ത് ജിയന്റ്‌സിനെ 7 വിക്കറ്റിന് കീഴടക്കി മുംബയ് ഈ സീസണിൽ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ക്യാപ്ടൻ ബെത്ത് മൂണിയുടേയും (35 പന്തിൽ 66), ഹേമലതയുടേയും (40പന്തിൽ74) ബാറ്റിംഗിന്റെ പിൻബലത്തിൽ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടി. മറുപടിക്കിറങ്ങിയ മുംബയ് പുറത്താകാതെ 48 പന്തിൽ 95 റൺസെടുത്ത ഹർമ്മൻ പ്രീതിന്റെ മികവിൽ ഒരു പന്ത് ബാക്കി നിൽക്കെ വിജയലക്ഷ്യത്തിലെത്തി. 10 ഫോറും 5 സിക്സും ഹർമ്മന്റെ ബാറ്റിൽ നിന്ന് പറന്നു. യസ്തിക ഭാട്ട്യയും (49) മികച്ച പ്രകടനം കാഴ്ചവച്ചു. 10 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് മുംബയ്. ഗുജറാത്ത് അവസാന സ്ഥാനത്താണ്.