
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പി.പി.പി (പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ) നേതാവ് ആസിഫ് അലി സർദാരിയെ രണ്ടാമതും പ്രസിഡന്റായി തിരഞ്ഞെടുത്തു. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പി.എം.എൽ - എൻ ഉം (പാകിസ്ഥാൻ മുസ്ലിം ലീഗ്- നവാസ്) പി.പി.പിയും ചേർന്ന ഭരണസഖ്യത്തിന്റെ സ്ഥാനാർത്ഥിയായിരുന്ന 68കാരനായ സർദാരി രാജ്യത്തിന്റെ 14ാം പ്രസിഡന്റായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ 411 വോട്ടോടെയാണ് ജയം. എതിരാളിയായ സുന്നി ഇത്തിഹാദ് കൗൺസിൽ ( എസ്.ഐ.സി ) സ്ഥാനാർത്ഥി മഹ്‌മൂദ് ഖാൻ അചക്സായിക്ക് 181 വോട്ടേ നേടാനായുള്ളൂ. മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ പി.ടി.ഐ ( പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് ) പാർട്ടിയുടെ സ്വതന്ത്രർ എസ്.ഐ.സിക്ക് ഒപ്പമാണ്.
പാർലമെന്റിലെയും നാല് പ്രവിശ്യാ അസംബ്ലിയിലെയും അംഗങ്ങൾ ചേർന്ന ഇലക്ടറൽ കോളേജാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. ഖൈബർ പക്തൂൺഖ്വ ഒഴികെയുള്ള മൂന്ന് പ്രവിശ്യകളിലും സർദാരിക്കാണ് ഏറ്റവുമധികം വോട്ട് ലഭിച്ചത്. അതേ സമയം, സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ആരിഫ് ആൽവിയ്ക്ക് ഗാർഡ് ഒഫ് ഓണറോടെ യാത്ര അയപ്പ് നൽകി. 2018 സെപ്റ്റംബറിലാണ് ഇദ്ദേഹം അധികാരത്തിലെത്തിയത്.
രണ്ടാം ഇന്നിംഗ്സ്
അന്തരിച്ച മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ ഭർത്താവാണ് ആസിഫ് അലി സർദാരി. 2008 - 2013 കാലയളവിൽ ഇദ്ദേഹം പ്രസിഡന്റായിരുന്നു. മകനും മുൻ വിദേശകാര്യ മന്ത്രിയുമായ ബിലാവൽ ഭൂട്ടോ സർദാരി പി.പി.പിയുടെ ചെയർമാനാണ്. സർദാരി പാർട്ടിയുടെ സഹ - ചെയർമാനാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് തവണ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ സിവിലിയൻ കൂടിയാണ് സർദാരി.
അതേ സമയം, കഴിഞ്ഞ തിങ്കളാഴ്ചയാണ് പി.എം.എൽ - എൻ അദ്ധ്യക്ഷൻ ഷെഹ്ബാസ് ഷെരീഫ് രണ്ടാം തവണയും പാക് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ഫെബ്രുവരി 8ന് നടന്ന തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിയും ഭൂരിപക്ഷം നേടാതെ വന്നതോടെ പി.പി.പി അടക്കം ഏഴ് പാർട്ടികളുമായി പി.എം.എൽ - എൻ സഖ്യം രൂപീകരിക്കുകയായിരുന്നു.
നാട് പ്രളയത്തിൽ മുങ്ങിയപ്പോൾ അവധി ആഘോഷിച്ച സർദാരി
1955ൽ സിന്ധിലാണ് ആസിഫ് അലി സർദ്ദാരിയുടെ ജനനം. 1987ൽ പാക് മുൻ പ്രധാനമന്ത്രി സുൽഫീക്കർ അലി ഭൂട്ടോയുടെ മകൾ ബേനസീർ ഭൂട്ടോയെ വിവാഹം ചെയ്തു. രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്നു ബേനസീർ.
2007 ഡിസംബർ 27ന് ബേനസീർ റാവൽപിണ്ടിയിൽ തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ ചാവോർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബേനസീറിന്റെ മരണത്തിന് പിന്നാലെ രണ്ട് മാസത്തിനുള്ളിൽ നടന്ന തിരഞ്ഞെടുപ്പിൽ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇതോടെ സർദ്ദാരി പ്രസിഡന്റ് സ്ഥാനത്തെത്തി.
2010ൽ 1,800 പേരുടെ ജീവനെടുത്ത പ്രളയത്തിൽ രാജ്യം ദുരിതമനുഭവിച്ചപ്പോൾ സർദ്ദാരി യൂറോപ്പിൽ അവധിയാഘോഷിച്ചത് വിവാദമായിരുന്നു. 2011ൽ ബിൻ ലാദനെ യു.എസ് പാക് മണ്ണിൽ വധിക്കുമ്പോൾ സർദ്ദാരിയായിരുന്നു പ്രസിഡന്റ്. 2013ൽ ടേം മുഴുവൻ പൂർത്തിയാക്കിയ ആദ്യ പ്രസിഡന്റായി. അഴിമതി, ഗൂഢാലോചന തുടങ്ങിയ ആരോപണങ്ങൾ വേട്ടയാടിയ സർദ്ദാരി 11 വർഷത്തിലേറെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.