rubber

കോട്ടയം: റബർ വില സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഉത്തേജക പാക്കേജ് വിലയായ 170 രൂപയിലെത്തി. ആർ.എസ്.എസ് നാലിന് 170 രൂപയും അഞ്ചിന് 166 രൂപയുമാണ് വില. മാസങ്ങളായി 150-160 രൂപ വിലനിലവാരത്തിൽ തുടർന്നതിന് ശേഷമാണ് വിപണി വില തറവിലയ്ക്ക് ഒപ്പമെത്തുന്നത്. വിലയിടിവിൽ നിന്ന് കർഷകർക്ക് ആശ്വാസം പകരാനാണ് സർക്കാർ തറവില പ്രഖ്യാപിച്ചിട്ടുള്ളത്.

വിപണി വില ഉയർന്നതോടെ സബ്സിഡി ചെലവ് ഇല്ലാതായതിനാൽ പുതിയ സാഹചര്യം സർക്കാരിനും നേട്ടമാകും.എന്നാൽ കർഷകർക്കുള്ള സബ്സിഡി ദീർഘകാലമായി കുടിശികയാണ്.

രാജ്യാന്തര വിപണിയിൽ ആവശ്യമേറിയതും ക്രൂഡോയിൽ വില വർദ്ധനയും റബറിന്റെ ആഭ്യന്തര വില കൂടാൻ സഹായിച്ചു. വിപണിയിൽ ടയർ ലഭ്യത കുറഞ്ഞതിനാൽ ടയർ കമ്പനികൾക്ക് വില സമ്മർദ്ദം സൃഷ്ടിക്കാൻ കഴിയുന്നില്ല.

രാജ്യാന്തര വില 208 രൂപയിലേക്ക്

രാജ്യാന്തര വിപണിയിൽ ആർ.എസ്.എസ് ഒന്നിന് 208 രൂപയാണ് വില.ആഭ്യന്തര വിപണിയേക്കാൾ 38 രൂപ കൂടുതലാണിത്. ആർ.എസ്.എസ് നാലിന് 204.80 രൂപയും അഞ്ചിന് 203.75 രൂപയുമാണ് വില.ചൈന, ടോക്കിയോ, മലേഷ്യ, സിംഗപ്പൂർ വിപണിയിലെ സമ്മർദ്ദം മൂലം ടയർ കമ്പനികൾ ഉയർന്ന വില നൽകാൻ തയ്യാറായി.. പ്രതികൂല കാലാവസ്ഥ മൂലം ഏഷ്യൻ രാജ്യങ്ങളിൽ ടാപ്പിംഗ് ഏതാണ്ട് നിലച്ചിരിക്കുകയാണ്. .

വേനൽച്ചൂടിൽ ഉത്പാദനം കുറഞ്ഞു.

വേനലിൽ ഇല കൊഴിഞ്ഞതോടെ റബർ ഉത്പാദനം കുറഞ്ഞു. വേനൽ മഴ ലഭിച്ചാൽ ഉത്പാദനം ഉയരും. അതോടെ വില കുറയുമെന്ന പ്രതീക്ഷയിലാണ് വൻകിട വ്യവസായികൾ.

വേനൽ മൂലം ഉത്പാദനം കുറഞ്ഞതോടെ റബർ വില ഉയരുന്നതിന്റെ നേട്ടം സാധാരണ കർഷകർക്ക് ലഭിക്കുന്നില്ല .സർക്കാരിന്റെ തറവില എത്തിയതിന്റെ നേട്ടം കർഷകർക്കല്ല ലഭിക്കുക. സർക്കാരിന് നേട്ടമാകും.

തോമസ് മാത്യൂ,റബർ കർഷകൻ