suresh-gopi

തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ വോട്ടർമാർ കുറഞ്ഞതിന്റെ പേരിൽ പാർട്ടി പ്രവർത്തകരോട് ക്ഷുഭിതനായതിൽ പ്രതികരണവുമായി തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി. അണികളെ വഴക്കുപറയാനുള്ള അവകാശം തനിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

'അവിടെ ആളുണ്ടായിരുന്നു. അവർ ആ കുട്ടികളെ കാണാത്തതിന്റെ പ്രശ്നവുമായി ബന്ധപ്പെട്ട് അവിടെയായിരുന്നു. അവിടുന്ന് ഓടി വന്നു. ഞങ്ങൾ കാപ്പികുടി എല്ലാം കഴിഞ്ഞ് കാറിൽ കയറിയപ്പോൾ, ഞങ്ങളുടെ വോട്ടുകൾ ചേർത്തിട്ടില്ലെന്ന് ആദിവാസികൾ വന്ന് എന്റെ പ്രവർത്തകരുടെ മുന്നിൽവച്ച് പറയുന്നു. പതിനെട്ട് വയസ് തികഞ്ഞ കുട്ടികൾക്ക് വോട്ടില്ല. അപ്പോൾ പിന്നെ എന്റെ അണികളെ ഞാൻ വഴക്കുപറയും. അതിനുള്ള അവകാശം എനിക്കുണ്ട്. അതാണ് കേപ്പബിളിറ്റി.

നാളെ തിരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞ് ഇതുപോലെ എനിക്ക് അവിടെ പോയി കുടിയാണ്ട് കിടക്കാനൊക്കത്തില്ല. അപ്പോൾ ഈ പ്രവർത്തകർ വേണം അങ്ങനെയുള്ള വിഷയങ്ങളെത്തിക്കാൻ. അവരെത്തിച്ചില്ല, ഞങ്ങൾ പറഞ്ഞതാണെന്ന് ജനങ്ങൾ പറഞ്ഞാൽ അന്നും ഇതുപോലെ വഴക്കുപറയും. അതിനുള്ള സൂചനയാണ് നൽകിയത്. അതിനുള്ള അധികാരം എനിക്കുണ്ട്. അവരെ തലോടാനും വഴക്കുപറയാനുമുള്ള അവകാശമെനിക്കുണ്ട്.

തിരുവനന്തപുരത്തേക്ക് പോകുമെന്ന് വെറുതെ പറഞ്ഞതല്ല. അതൊക്കെ അവരെ പേടിപ്പിക്കുന്നതിന്റെ ഒരു മാർഗം തന്നെയാണ്. അതങ്ങനെയാണ്. അവർ ചെയ്യാനുള്ള ജോലി അവർ ചെയ്യണം. ഇല്ലെങ്കിൽ എനിക്ക് എന്റെ ജോലി ചെയ്യാനൊക്കത്തില്ല. നാളെ ജയിച്ചുകഴിഞ്ഞാലും പാർട്ടിയുടെ അണികളാണ് ഓരോ ഗ്രാസ് റൂട്ടിലും പോയി എന്താണ് വിഷയമെന്ന് എന്റെയടുത്ത് എത്തിക്കേണ്ടത്.

ഈ വക്രം കൊണ്ടൊന്നും ജനങ്ങളെ ഇനി കബളിപ്പിക്കാനൊക്കത്തില്ല. നിങ്ങൾ മോദി എന്ന മനുഷ്യനെ എന്തെല്ലാം പറഞ്ഞു. ഭാരതത്തെ ലോകത്തിന്റെ നെറുകയിൽ കൊണ്ടുനാട്ടി. നിങ്ങൾ എത്രത്തോളം അവഹേളിക്കുമോ, അത്രത്തോളം ഞങ്ങൾ ഉയർന്നുവരും.'- സുരേഷ് ഗോപി പറഞ്ഞു.