doctor

മുംബയ്: ഉടുതുണിയില്ലാതെ ആശുപത്രി കെട്ടിടത്തിലും പരിസരങ്ങളിലും കറങ്ങിനടക്കുന്ന ഡോക്ടറുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലെ സർക്കാർ ആശുപത്രിയിലെ യുവ ഡോക്ടറാണ് ക്യാമറയിൽ കുടുങ്ങിയത്. ഉടുതുണിയില്ലാതെ നടക്കുന്നത് ഡോക്ടറുടെ പതിവാണെന്നും മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നുമാണ് ആശുപത്രിയിലെ ജീവനക്കാരിൽ ചിലർ പറയുന്നത്. എന്നാൽ ഡോക്ടറെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല.

വസ്ത്രമില്ലാതെ ആശുപത്രിവളപ്പിൽ ഡോക്ടർ നടക്കുന്നതും ടോയ്‌ലറ്റിന് മുന്നിൽ നിന്ന് ഒരു കഷ്ണം തുണി വീശിക്കാണിക്കുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. വീഡിയോ പുറത്തുവന്നതോടെ അധികൃതർ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണറിപ്പോർട്ട് കിട്ടിയാലുടൻ ഡോക്ടർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഹെൽത്ത് സർവീസ് മേധാവി പറഞ്ഞു. വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും ഇതുവരെ ഡോക്ടർക്കെതിരെ പരാതിയുമായി രോഗികൾ ആരും രംഗത്തെത്തിയിട്ടില്ല.