chilli

കാഞ്ഞങ്ങാട്: മുളകിലെ വൈവിദ്ധ്യം കാണാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ രാവണേശ്വരത്തെ ടി.ലോഹിതാക്ഷന്റെ വീട്ടുപറമ്പ് ഒരു അത്ഭുതമാണ്. പല നിറങ്ങളിൽ നിരന്നുനിൽക്കുന്ന മുളകുകൾക്ക് നാവിൽ തുമ്പിലെ എരിവിലും വൈവിദ്ധ്യമേറും. നാടൻ കാന്താരി, കോടാലി മുളക്,മത്തൻ മുളക്, ഉണ്ടമുന്തിരി, ബ്ലാക്ക്, ബുള്ളറ്റ് മുളക്, ക്യാപ്സിക്കം മുളക്, നെയ് മുളക് ,​വെള്ള കാന്താരി എന്നിങ്ങനെ നീളുന്നു ഈ കൃഷിയിടത്തിലെ മുളക് ഗാഥ. ഓൺലൈനായി വാങ്ങിയ വിത്തുകൾ ഉപയോഗിച്ചാണ് ലോഹിതാക്ഷന്റെ കൃഷി.കൃഷിഭവന്റെയും മറ്റ്കർഷകരുടെ കൃഷിയിടത്തിലെ ഫോട്ടോകൾ ഒപ്പിയെടുക്കാൻ ചെന്നപ്പോൾ ഉണ്ടായ അനുഭവമാണ് അവിചാരിതമായി ഈ കൃഷിയിലേക്ക് ഇദ്ദേഹത്തെ എത്തിച്ചത്. കഴിഞ്ഞ 35 വർഷമായി ഫോട്ടോഗ്രാഫി മേഖലയിൽ ജോലിചെയ്യുന്ന ലോഹിതാക്ഷൻ കൃഷി ചെയ്യാൻ തുടങ്ങിയിട്ട് പതിനഞ്ച് വർഷമായി.

ചീരകളിലും വൈവിദ്ധ്യം

അഞ്ച് ചീര ഇനങ്ങളും ലോഹിതാക്ഷന്റെ കൃഷിയിടത്തിലുണ്ട്. നാടൻ ചീര, മയിൽപീലി ചീര, പാൽ ചീര, സുന്ദരിചീര,ബീറ്റ് റൂട്ട് ചീര എന്നിങ്ങനെയാണത്. ഇതിന് പുറമെ പയർ, ക്യാബേജ്, മത്തൻ, വെണ്ട, വഴുതിന, മഞ്ഞൾ, വിവിധതരം വാഴകൾ എന്നിവയും ലോഹിതാക്ഷൻ കൃഷി ചെയ്യുന്നു.

അതിരാവിലെ നാലുമണിക്ക് കൃഷിയിടത്തിലെത്തുന്ന ലോഹിതാക്ഷൻ കൃഷിയിടത്തിലെ ജോലികൾ പൂർത്തിയാക്കിയാണ് 8 മണിയോടെ ബേക്കലിലുള്ള തന്റെ സൂര്യ സ്റ്റുഡിയോയിലേക്ക് തിരിക്കുന്നത്. അമ്മ കല്യാണിയമ്മയും ഭാര്യ രേഷ്മയും മക്കളായ ശ്രീഹരിയും ശ്രീശാന്തും കൃഷിയിൽ ഇദ്ദേഹത്തിന് സഹായവുമായുണ്ട്.