murder

ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലക്കേസിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. കട്ടപ്പനയിലെ കാഞ്ചിയാർ പഞ്ചായത്തിലെ കക്കാട്ടുകടയിൽ വാടകവീട്ടിൽ നിന്നാണ് തലയോട്ടിയും അസ്ഥികളും ലഭിച്ചത്.

ഇരുത്തി കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹാവശിഷ്ടം. മുറിയുടെ തറ കുഴിച്ച് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. പാന്റ്സ്, ഷർട്ട്, ബെൽറ്റ് എന്നിവയുടെ ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്.

കൃത്യം നടത്താൻ ഉപയോഗിച്ച ചുറ്റിക നേരത്തെ കണ്ടെത്തിയിരുന്നു.വിജയനെ ചുറ്റികയുപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നും, ശേഷം മൃതദേഹം വീടിനുളളിൽ കുഴിച്ചിട്ടെന്നും പ്രതി കാഞ്ചിയാർ പുത്തൻപുരയ്ക്കൽ നിതീഷ് (രാജേഷ്- 31) നേരത്തെ മൊഴി നൽകിയിരുന്നു. പ്രതിയുമായി തെളിവെടുപ്പ് തുടരുന്നു.

നിതീഷ് ,കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു എന്നിവർ മാർച്ച് രണ്ടിന് മോഷണക്കേസിൽ അറസ്റ്റിലായതോടെയാണ് ഇരട്ടക്കൊല സംബന്ധിച്ച് വിവരങ്ങൾ പുറത്തുവന്നത്. കൊല്ലപ്പെട്ട വിജയൻ വിഷ്ണുവിന്റെ പിതാവാണ്.

വിജയനെയും വിഷ്ണുവിന്റെ സഹോദരിയുടെ നവജാത ശിശുവിനെയും രണ്ടു സന്ദർഭങ്ങളിലായി കൊലപ്പെടുത്തി കുഴിച്ചുമൂടുകയായിരുന്നു. 2016ലാണ് നവജാത ശിശു കൊല്ലപ്പെട്ടത്. കുടുംബം കട്ടപ്പനയിൽ മുൻപ് താമസിച്ചിരുന്ന വീട്ടിലാണ് കുഞ്ഞിനെ കുഴിച്ചുമൂടിയത്.കൊല്ലപ്പെട്ട വിജയന്റെയും കുടുംബാംഗങ്ങളുടെയും അന്ധവിശ്വാസം മുതലെടുത്താണ് നിതീഷ് വീട്ടിൽ കയറിപ്പറ്റിയതെന്നും വിശ്വാസം നേടിയെടുത്തത്.