anil-antony

പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാടിന് പുറമേ അനിൽ ആന്റണിയ്ക്കുവേണ്ടി പ്രചാരണം നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയിലെത്തും. മാർച്ച് 17നാണ് പ്രധാനമന്ത്രി എത്തുക. ഈ മാസം 15ന് സി കൃഷ്ണകുമാറിനുവേണ്ടി അദ്ദേഹം പാലക്കാട്ടും എത്തുമെന്ന് മുൻപ് തന്നെ പ്രഖ്യാപനമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ അറിവ്.

15ന് പാലക്കാട്, ആലത്തൂർ എന്നീ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ നരേന്ദ്രമോദി റോഡ് ഷോ നടത്തും. പാലക്കാട് എൻഡിഎയുടെ എ പ്ലസ് മണ്ഡലമാണെന്നും വിജയ സാദ്ധ്യത കൂടുതലാണെന്നതും കണക്കിലെടുത്താണ് നീക്കം. എൻഡിഎ തിരഞ്ഞെടുപ്പ് ഓഫീസ് ആദ്യം തുറന്നത് പാലക്കാട്ടാണ്. മലമ്പുഴ, ഷൊർണൂർ, കോങ്ങാട്,പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിൽ നേതൃത്വം വലിയ വിജയം പ്രതീക്ഷിക്കുന്നുണ്ട്.

പ്രചാരണത്തിലും ഇവിടങ്ങളിൽ മുന്നിലെത്തുകയാണ് എൻഡിഎയുടെ ലക്ഷ്യം.അതേസമയം ആലത്തൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയെ ഇതുവരെയായിട്ടും പ്രഖ്യാപിച്ചിട്ടില്ല, ഷാജുമോൻ വട്ടേക്കാട്, രേണു സുരേഷ് തുടങ്ങിയവരുടെ പേരുകളാണ് പൊതു ചർച്ചയിൽ ഉളളതെങ്കിലും അപ്രതീക്ഷിത സ്ഥാനാർത്ഥിയെ കൊണ്ടുവരാനുളള ശ്രമങ്ങളാണ് പാർട്ടിയിൽ നടന്നുവരുന്നത്. നരേന്ദ്രമോദിയുടെ റോഡ് ഷോയ്ക്ക് പുറമേ എൻഡിഎ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.