
ബിഗ് ബോസ് സീസൺ 6 ഇന്ന് ആരംഭിക്കും. രാത്രി ഏഴ് മണിക്കാണ് ഈ സീസൺ ലോഞ്ച് ചെയ്യുന്നത്. മോഹൻലാൽ അവതാരകനായെത്തുന്ന പരിപാടിയുടെ പ്രമോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വളരെ പുതുമയുള്ളതായിരിക്കും ഇത്തവണത്തെ ഷോ എന്നാണ് റിപ്പോർട്ടുകൾ.
ഏതൊക്കെ സെലിബ്രിറ്റികളായിരിക്കും മത്സരാർത്ഥികളായി എത്തുകയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഉപ്പും മുളക് എന്ന ജനപ്രിയ പരമ്പരയിൽ 'മുടിയൻ (വിഷ്ണു)' എന്ന വേഷത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ റിഷി കുമാർ ഈ സീസണിൽ പങ്കെടുക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
കൂടാതെ കുടുംബവിളക്കിൽ 'വേദിക' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശരണ്യ ആനന്ദും സീരിയൽ നടി യമുനയും സീസൺ 6ൽ ഉണ്ടായേക്കും. ആസാം സ്വദേശിയായ പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്‌ജെൻഡറുമായ ജാൻമോനി ദാസ് എന്നിവരും എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.
കോമണർ മത്സരാർത്ഥികളുടെ കൂട്ടത്തിൽ കായികാദ്ധ്യാപികയും ബൈക്ക് റൈഡറുമായ റാസ്മിൻ ബായിയും വീട്ടമ്മയിൽ നിന്ന് യാത്രികയായി മാറിയ നിശാനയും ഇടംനേടി. ബോഡി ബിൽഡറായ ജിൻഡോ ബോഡിക്രാഫ്‌റ്റും മത്സരാർത്ഥിയായി എത്തുമെന്നാണ് വിവരം. ഹനാൻ, ഷെയ്ൻ നിഗം തുടങ്ങിയവരുടെ പരിശീലകനാണ്.