
വിനോദസഞ്ചാരത്തിനായി പല തരത്തിലുളള പരീക്ഷണങ്ങൾ നടത്തുന്നവരാണ് നമ്മൾ. അടുത്തിടെ ശ്രദ്ധേയമായ ഒരു വിനോദസഞ്ചാര രീതിയാണ് സോളോ ട്രിപ്പുകൾ (ഒറ്റയ്ക്കുളള യാത്രകൾ). സൂപ്പർ താരങ്ങളടക്കം നിരവധിപേർ സോളോ ട്രിപ്പുകൾ നടത്തുന്ന വീഡിയോകളും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്.
സോളോ ട്രിപ്പുകൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന പലരും നേരിടുന്ന പ്രധാന വെല്ലുവിളിയാണ് സുരക്ഷിതത്വവും അമിത ചെലവും. ഇക്കാരണങ്ങൾ ഉളളതുകൊണ്ട് തന്നെ മിക്കവരും സോളോ ട്രിപ്പുകൾ നടത്താനുളള തീരുമാനം ഉപേക്ഷിക്കാറുണ്ട്, എന്നാൽ ഇനി അത്തരത്തിലുളള ചിന്ത വേണ്ട. വിദേശ രാജ്യങ്ങളിലേക്ക് സോളോ ട്രിപ്പുകൾ നടത്താൻ ആഗ്രഹിക്കുന്നവരെ ഒരു രാജ്യം കാത്തിരിക്കുന്നുണ്ട്. മികച്ച സംവിധാനങ്ങളുമായി വിനോദസഞ്ചാര പ്രേമികളെ കാത്തിരിക്കുന്നത് ജപ്പാനാണ്. ഇതിനുളള കാരണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
വിനോദ സഞ്ചാരികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന രാജ്യമാണ് ജപ്പാൻ. ഇവിടത്തെ സംസ്‌കാരവും ഭക്ഷണ രീതികളും തികച്ചും വ്യത്യസ്തമാണ്. മാത്രമല്ല മിതമായ നിരക്കിൽ ഗംഭീര ഓഫറുകളോട് കൂടി അതിവേഗ ബുളളറ്റ് ട്രെയിനുകളിൽ യാത്ര ചെയ്യാനുളള സംവിധാനവും ജപ്പാൻ ഒരുക്കുന്നുണ്ട്. ജപ്പാനിലേക്ക് പോകുന്നതിനായുളള വിസ ലഭിക്കുന്നതിന് അധികം കാലതാമസവും ബുദ്ധിമുട്ടുമില്ലെന്നത് മറ്റൊരു സവിശേഷതയാണ്.
മറ്റുളള ഏഷ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ജപ്പാനിൽ റിപ്പോർട്ട് ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം വളരെ കുറവാണ്. ഇവിടത്തെ ജനതയുടെ സഹകരണവും മറ്റൊരു സവിശേഷതയാണ്. സ്ത്രീകൾക്ക് കൂടുതൽ പരിഗണന നൽകാൻ ജപ്പാൻ ജനത മറക്കാറില്ല. ട്രെയിൻ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് പ്രത്യേക ഇളവുകളും ഇവിടത്തെ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. ടോക്കിയോ, ഓക്കിനാവ,ക്യോട്ടോ എന്നീ സ്ഥലങ്ങളിലേക്കാണ് ഏറ്റവും കൂടുതൽ പേരും വിനോദസഞ്ചാരത്തിനായി എത്തുന്നത്. ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോ നൈറ്റ് ലൈഫിന് പേരുകേട്ടതാണ്. ക്യോട്ടോയിലെത്തുന്നവർക്ക് ഫുജി പർവ്വതത്തിന്റെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കും.