
ന്യൂഡൽഹി: നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖലിയിൽ ഇ.ഡി, സി.എ.പി.എഫ് സംഘങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ സി.ബി.ഐ അന്വേഷണത്തെ ചോദ്യം ചെയ്ത് പശ്ചിമ ബംഗാൾ സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി നാളെ
പരിഗണിക്കും. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് കേസിൽ വാദം കേൾക്കും.
കൊൽക്കത്ത ഹൈക്കോടതി മാർച്ച് അഞ്ചിന് പുറപ്പെടുവിച്ച ഉത്തരവിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയും ആക്രമണത്തിന്റെ സൂത്രധാരൻ ഷേക്ക് ഷാജഹാനെ സി.ഐ.ഡിയുടെ കസ്റ്റഡിയിൽ നിന്ന് സി.ബി.ഐക്ക് കൈമാറാൻ പശ്ചിമ ബംഗാൾ പൊലീസിനോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. സി.ഐ.ഡി ആസ്ഥാനത്തിന് മുന്നിൽ രണ്ട് മണിക്കൂർ കാത്തുനിന്നെങ്കിലും സി.ബി.ഐക്ക് ഷേക്കിനെ കൈമാറിയില്ല. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പ്രത്യേക വിടുതൽ ഹർജി (എസ്.എൽ.പി) നൽകിയിരുന്നു. അതിനാൽ ഷേക്ക് തങ്ങളുടെ കസ്റ്റഡിയിൽ തുടരുമെന്നായിരുന്നു സി.ഐ.ഡിയുടെ മറുപടി. തുടർന്നാണ് സി.ബി.ഐ ബുധനാഴ്ച വീണ്ടും ഹൈക്കോടതിയിലെത്തിയത്. കഴിഞ്ഞ ദിവസത്തെ ഉത്തരവ് ഉടൻ നടപ്പാക്കാൻ കോടതി നിർദ്ദേശം നൽകുകയായിരുന്നു. അടിയന്തര ലിസ്റ്റിംഗിനായി ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്പാകെ വിഷയം രണ്ടുതവണ പരാമർശിച്ചിട്ടും ഹർജിയിൽ സുപ്രീം കോടതിയിൽ ഇതുവരെ അടിയന്തര വാദം നടന്നില്ല.