p

ന്യൂഡൽഹി: കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ സന്ദീപ് എന്ന കാലാ ജഠെഡിയും അനുരാധ ചൗധരിയും തമ്മിൽ 12ന് വിവാഹിതരാകും. ഡൽഹിയിലെ ദ്വാരകയിലെ സന്തോഷ് ഗാർഡനിലാണ് വിരുന്ന് സത്കാരം. സുരക്ഷയ്ക്കായി 200ലേറെ പൊലീസുകാരെ വിന്യസിക്കും. 2020 മുതൽ അടുപ്പത്തിലാണ് സന്ദീപും അനുരാധയും.

ഡൽഹി, ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 40 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് സന്ദീപ്. കൊലപാതകം, പണം തട്ടൽ, തട്ടിക്കൊണ്ടുപോകൽ എന്നിവയാണ് കേസുകൾ. ഗുസ്തി താരം സാഗർ ധൻഖറിന്റെ കൊലപാതകത്തോടെയാണ് കുപ്രസിദ്ധി നേടിയത്. തിഹാർ ജയിലിൽ കഴിയുന്ന കാലാ ജഠെടിക്ക് ഡൽഹി കോടതി കഴിഞ്ഞ ദിവസം പരോൾ അനുവദിച്ചിരുന്നു. പ്രതിക്ക് സുരക്ഷ ഒരുക്കാനും ഡൽഹി പൊലീസിനോട് നിർദ്ദേശിച്ചിരുന്നു.

മാഡം, മിൻസ്, റിവോൾവർ റാണി എന്നീ പേരുകളിലും അറിയപ്പെടുന്ന രാജസ്ഥാൻ സ്വദേശിയായ അനുരാധ ചൗധരിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇരകളെ വിരട്ടാനായി എ.കെ 47 തോക്ക് ഉപയോഗിക്കുന്നതിനാലാണ് റിവോൾവർ റാണി എന്ന പേര് വീണത്. കംപ്യൂട്ടർ ആപ്ലിക്കേഷൻ ബിരുദധാരിയാണ് അനുരാധ. പങ്കാളിയുടെ തട്ടിപ്പിനിരയായതോടെയാണ് അനുരാധ ക്രിമിനൽ സംഘങ്ങൾക്കൊപ്പം ചേർന്നത്. 2021ലാണ് രണ്ടുപേരും ഡൽഹി പൊലീസിന്റെ പിടിയിലായത്.