
തിരുവനന്തപുരം: അടുത്തിടെ നിരന്തരമായി ഉണ്ടാകുന്ന വന്യമൃഗശല്യവുമായി ബന്ധപ്പെട്ട അന്തർസംസ്ഥാന കരാറിൽ കേരളവും കർണാടകയും ഒപ്പിട്ടു. പ്രധാനമായും നാല് നിർദ്ദേശങ്ങളാണ് കരാറിലുളളത്. കേരള വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, കർണാടക വനം വകുപ്പ് മന്ത്രി ഈശ്വർ ഖണ്‍ഡ്രെ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. തമിഴ്നാട് വനം വകുപ്പ് മന്ത്രി എം മതിവേന്ദന് യോഗത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല. പകരം മുതുമലൈ ഫീൽഡ് ഡയറക്ടറായ മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥനാണ് യോഗത്തിൽ മതിവേന്ദനെ പ്രതിനിധീകരിച്ചെത്തിയത്.
കരാറിൽ ഉൾപ്പെടുത്തിയ നാല് ലക്ഷ്യങ്ങൾ
1. മനുഷ്യ വന്യമൃഗ സംഘർഷ മേഖല അടയാളപ്പെടുത്തുക. വന്യമൃഗ ശല്യത്തിന്റെ അടിസ്ഥാന കാരണം കണ്ടെത്തുക. പ്രശ്നം ലഘൂകരിക്കുന്നതിനുള്ള വഴികൾ തേടുക.
2. പ്രശ്നങ്ങളിൽ നടപടിയെടുക്കുന്നതിലെ കാല താമസം ഒഴിവാക്കുക. അതിവേഗ ഇടപെടലിന് നടപടി
3. വിഭവ സഹകരണം. വിവരം വേഗത്തിൽ കൈമാറൽ, വിദഗ്ദ്ധ സേവനം ഉറപ്പാക്കൽ
4. വിഭവശേഷി വികസനം , അടിസ്ഥാന സൗകര്യ വികസനം, കാര്യക്ഷമത എന്നിവ കൂട്ടുക.
അന്തർ സംസ്ഥാന ഏകോപന സമിതിയുടെ പ്രവർത്തന രീതി ICC (interstate coordination committee)
1. ഒരു നോഡൽ ഓഫീസർ
2. സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ അസി. നോഡൽ ഓഫീസർമാർ
3. ഒരു ഉപദേശക സമിതി
4. മൂന്ന് സംസ്ഥാനത്ത് നിന്നും അംഗങ്ങൾ
5. വർക്കിംഗ് ഗ്രൂപ്പ് (പ്രശ്ന മേഖലയിൽ ഇടപെടാൻ )
അതേസമയം, കേരളത്തിന്റെ അവശ്യം പരിഗണിച്ചുകൊണ്ട് വന്യജീവി നിയമത്തിൽ കാലോചിതമായ മാറ്റം വേണമെന്ന് എകെ ശശീന്ദ്രൻ പറഞ്ഞു. പതിറ്റാണ്ടുകൾ മുൻപുള്ള സാഹചര്യമല്ല ഇന്നുള്ളത്. ചീഫ് വൈൽഡ് ലൈഫ് വാർഡന് എല്ലാ അധികാരങ്ങളും നൽകിയിട്ടുണ്ടെന്ന തരത്തിലുള്ള പ്രചരണം ഉണ്ട്. എന്നാൽ അവർ പാലിക്കേണ്ടതായ നിരവധി മാനദണ്ഡങ്ങൾ ഉണ്ട്. വന്യജീവി സംഘർഷങ്ങളിൽ ജനങ്ങളെ സഹായിക്കുന്നതിനായി കേന്ദ്ര നിയമത്തിൽ നിരവധി ഭേദഗതികൾ വരുത്തേണ്ട അവശ്യം ഉണ്ട്. പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് അവശ്യത്തിന് ഫണ്ട് സംസ്ഥാനങ്ങൾക്ക് ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിന് ഉണ്ട്. പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് ഇല്ല എന്നത് കേരളത്തിന്റെ മാത്രം പ്രതിസന്ധിയല്ല, മൂന്ന് സംസ്ഥാനങ്ങളും നേരിടുന്നുണ്ടെന്നും എകെ ശശീന്ദ്രൻ വ്യക്തമാക്കി.
വന്യമൃഗശല്യം തടയുന്നതിന് കേന്ദ്ര സഹായം കിട്ടുന്നില്ലെന്ന് ഈശ്വർ ഖണ്‍ഡ്രെയും ആരോപിച്ചു. റെയിൽ ഫെൻസിംഗിന് കേന്ദ്ര സഹായം കിട്ടുന്നില്ലെന്നും പിന്നെ എങ്ങനെ കാട്ടാനകൾ നാട്ടിലിറങ്ങുന്നത് തടയാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.