
ചെന്നൈ: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ തമിഴ് സിനിമ നിർമ്മാതാവ് ജാഫർ സാദിഖുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും, മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും ബന്ധമുണ്ടെന്ന് ആരോപിച്ച് എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി. ഇരുവരും രാജിവയ്ക്കണമെന്നും പളനിസ്വാമി ആവശ്യപ്പെട്ടു. ഡി.എം.കെ ജില്ല ടീമിന്റെ സംഘാടകനായിരുന്ന സാദിഖ് മൂന്ന് വർഷമായി 3500 കിലോ അസംസ്‌കൃത വസ്തുക്കളാണ് മയക്കുമരുന്ന് ഉത്പാദനത്തിനായി കടത്തിയതെന്ന് പളനിസ്വാമി പറഞ്ഞു. ഡി.എം.കെയ്ക്കും അനുബന്ധ സംഘടനകൾക്കും ജാഫർ സാദിഖ് ധനസഹായം നൽകിയതായി റിപ്പോർട്ടുകളുണ്ടെന്നും അദ്ദേഹം എക്സ് പോസ്റ്റിൽ ആരോപിച്ചു. ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് 2000 കോടി രൂപയുടെ മയക്കുമരുന്ന് കടത്തിയെന്ന കേസിലാണ് തമിഴ് സിനിമ നിർമാതാവ് ജാഫർ സാദിഖിനെ അറസ്റ്റ് ചെയ്തത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ആരോപണമുയരുകയും അന്വേഷണം നേരിടുകയും ചെയ്തതോടെ കഴിഞ്ഞ മാസം ജാഫറിനെ ഡി.എം.കെ പുറത്താക്കിയിരുന്നു. 2000 കോടി രൂപയുടെ മയക്കുമരുന്ന് ആസ്‌ട്രേലിയയിലേക്കും ന്യൂസിലൻഡിലേക്കും കടത്തിയ ശൃംഖലയുടെ തലവൻ ജാഫർ ആണെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ വെളിപ്പെടുത്തി.