cricket

മൂന്ന് ഫോർമാറ്റുകളിലും ഐ.സി.സി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം

ദുബായ് : ഇംഗ്ളണ്ടിന് എതിരായ ടെസ്റ്റ് പരമ്പര 4-1ന് സ്വന്തമാക്കിയതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ടെസ്റ്റ് ടീം റാങ്കിംഗിൽ ഒന്നാമതെത്തി. ഇതോടെ ടെസ്റ്റ് , ഏകദിന,ട്വന്റി-20 എന്നിങ്ങനെ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യ ഒന്നാം സ്ഥാനക്കാരായി.

ധർമ്മശാലയിൽ അഞ്ചാം ടെസ്റ്റ് തുടങ്ങുന്നതിന് മുമ്പ് ടെസ്റ്റ് റാങ്കിംഗിൽ ഓസ്ട്രേലിയയായിരുന്നു ഒന്നാമത്. 117 പോയിന്റാണ് ഓസീസിന് ഉണ്ടായിരുന്നത്. ഇന്ത്യയ്ക്കും 117 പോയിന്റുണ്ടായിരുന്നെങ്കിലും രണ്ടാം സ്ഥാനത്തായിരുന്നു. ധർമ്മശാലയിലെ വിജയത്തോടെ ഇന്ത്യ 122 പോയിന്റിലെത്തിയാണ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്. 111 പോയിന്റുമായി ഇംഗ്ളണ്ട് മൂന്നാം റാങ്കിലുണ്ട്.

ഏകദിനത്തിൽ 121 പോയിന്റുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്തുള്ളത്. 118 പോയിന്റുമായി ലോകകപ്പ് ജേതാക്കളായ ഓസ്ട്രേലിയ രണ്ടാമതുണ്ട്. 110 പോയിന്റുള്ള ദക്ഷിണാഫ്രിക്കയാണ് മൂന്നാം സ്ഥാനത്ത്. ട്വന്റി-20യിൽ 266 പോയിന്റുമായാണ് ഇന്ത്യ ഒന്നാമതുള്ളത്. 256 പോയിന്റുമായി ഇംഗ്ളണ്ട് രണ്ടാം റാങ്കിലുണ്ട്. 255 പോയിന്റുള്ള ഓസ്ട്രേലിയയാണ് മൂന്നാം സ്ഥാനത്ത്.

ഇംഗ്ലണ്ടിനെതിരേ ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ തോറ്റതിനു ശേഷമാണ് ഇന്ത്യയുടെ തിരിച്ചുവരവ്. വിശാഖപട്ടണം, രാജ്‌കോട്ട്, റാഞ്ചി, ധർമ്മശാല ടെസ്റ്റുകളിൽ ഇന്ത്യ തുടർച്ചയായി ജയിച്ച് 4-1ന് പരമ്പര സ്വന്തമാക്കുകയായിരുന്നു. നേരത്തേ മൂന്ന് ഫോർമാറ്റുകളിലും ഒന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ. കഴിഞ്ഞ വർഷം ഒടുവിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര സമനിലയിലായതോടെ ടെസ്റ്റിൽ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

ടെസ്റ്റ് ബൗളർമാരിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയാണ് ഒന്നാം റാങ്കിൽ.

സ്പിന്നർ രവി ചന്ദ്രൻ അശ്വിൻ ബുംറയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തുണ്ട്.

ടെസ്റ്റ് ആൾറൗണ്ടർമാരുടെ പട്ടികയിൽ രവീന്ദ്ര ജഡേജ ഒന്നാം റാങ്കിലാണ്.

അശ്വിൻ ഈ പട്ടികയിലും രണ്ടാമതുണ്ട്. അക്ഷർ പട്ടേൽ അഞ്ചാം റാങ്കിലാണ്.

ട്വന്റി-20 ബാറ്റിംഗ് റാങ്കിംഗിൽ സൂര്യകുമാർ യാദവാണ് ഒന്നാം സ്ഥാനത്ത്.

ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ശുഭ്മാൻ ഗിൽ,വിരാട് കൊഹ്‌ലി,രോഹിത് ശർമ്മ എന്നിവർ യഥാക്രമം രണ്ട്,മൂന്ന് നാല് സ്ഥാനങ്ങളിലുണ്ട്.