pic

മോസ്കോ : വൈഫൈ നെറ്റ്‌വർക്കിന് യുക്രെയിൻ അനുകൂല പേര് നൽകിയതിന് റഷ്യൻ വിദ്യാർത്ഥിക്ക് 10 ദിവസം ജയിൽശിക്ഷ. മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി തന്റെ വൈഫൈ നെറ്റ്‌വർക്കിന് ' സ്ലാവാ യുക്രെയിനി' ( യുക്രെയിൻ ജയിക്കട്ടെ ) എന്ന പേര് നൽകിയത് ഒരു പൊലീസുകാരൻ കണ്ടെത്തുകയായിരുന്നു. തുടർന്ന് ബുധനാഴ്ച രാവിലെ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു. യുക്രെയിൻ അനുകൂല മുദ്രാവാക്യം ആളുകളിലേക്ക് പ്രചരിപ്പിക്കാൻ വിദ്യാർത്ഥി ലക്ഷ്യമിട്ടെന്ന് വ്യാഴാഴ്ച മോസ്കോ കോടതി വിധിച്ചു. വൈഫൈ റൂട്ടർ അധികൃതർ കണ്ടുകെട്ടി. 2022 ഫെബ്രുവരി 24നാണ് യുക്രെയിനിൽ റഷ്യ ആക്രമണം തുടങ്ങിയത്. ആക്രമണത്തെ വിമർശിക്കുകയോ യുക്രെയിനെ പിന്തുണയ്ക്കുകയോ ചെയ്ത ആയിരക്കണക്കിന് പേർക്കാണ് റഷ്യയിൽ ജയിൽശിക്ഷയോ പിഴയോ വിധിക്കപ്പെട്ടത്. അധിനിവേശത്തെ ' പ്രത്യേക സൈനിക നടപടി' എന്നാണ് റഷ്യൻ ഭരണകൂടം വിശേഷിപ്പിക്കുന്നത്. ഇതിനെ ' യുദ്ധം ' എന്ന് പറഞ്ഞാൽ പോലും കുറ്റകരമാണ്.