
ന്യൂഡൽഹി: ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ കിരീടം നേടി ലോക ഒന്നാം റാങ്കുകാരായ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റാൻകിറെഡ്ഢി - ചിരാഗ് ഷെട്ടി സഖ്യം. 37 മിനിട്ട് നീണ്ട ഫൈനലിൽ ചൈനീസ് തായ്‌പേയ്‌യുടെ ലീ ചേ ഹുയി- യാംഗ് പോ സുവാൻ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്കാണ് ഇന്ത്യൻ സഖ്യം കീഴടക്കിയത്. സ്കോർ : 21-11,21-11. സാത്വിക് - ചിരാഗ് ഷെട്ടി സഖ്യത്തിന്റെ ഈ വർഷത്തെ ആദ്യ കിരീടമാണിത്.
തുടർച്ചയായ മൂന്നാംതവണയാണ് ഇന്ത്യൻ സഖ്യം ഫൈനലിലെത്തിയിരുന്നത്. ലോക ഒന്നാം റാങ്കുകാരായ ഇന്ത്യൻ സഖ്യത്തിന്റെ ഈ വർഷത്തെ മൂന്നാം ബി.ഡബ്ല്യൂ.എഫ്. ഫൈനലായിരുന്നു ഇത്. സെമി ഫൈനലിൽ നിലവിലെ ലോക ചാമ്പ്യരായ കൊറിയയുടെ കാംഗ് മിന്യൂക് - സിയോ സെംഗ്ജെ സഖ്യത്തെയാണ് തോൽപ്പിച്ചത്. സ്കോർ : 21-13, 21-16 . 40 മിനിട്ടാണ് പോരാട്ടം നീണ്ടത്.
പാരീസ് ഒളിമ്പിക്‌സിനുവേണ്ടിയുള്ള തയ്യാറെടുപ്പിലാണ് സ്വാത്വികും ചിരാഗും. ഈ വർഷം ഇതിന് മുമ്പ് രണ്ട് ടൂർണമെന്റുകളിൽ ഫൈനലിൽ പ്രവേശിച്ചെങ്കിലും വിജയിക്കാനായിരുന്നില്ല. മലേഷ്യ മാസ്റ്റേഴ്‌സിലും ഇന്ത്യൻ ഓപ്പണിലുമാണ് നേരത്തേ ഫൈനലിൽ പരാജയപ്പെട്ടത്.