ഭോപ്പാൽ: കുഞ്ഞിന്റെ കാതുകുത്തൽ ചടങ്ങിനിടെ ഡി.ജെ സംഗീതത്തെപ്പറ്റിയുണ്ടായ തർക്കത്തിൽ മദ്ധ്യപ്രദേശിൽ യുവാവ് സഹോദരനെ വെട്ടിക്കൊന്നു. പ്രതിയായ രാജ്കുമാർ കോൾ (30) ജ്യേഷ്ഠൻ രാകേഷിനെ (35) കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രാകേഷിന്റെ മകളുടെ കാതുകുത്തൽ ചടങ്ങിനിടെയാണ് സംഭവം. പിന്നീട് വനത്തിൽ ഒളിച്ച രാജ്കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സത്ന ജില്ലയിലെ മൗഹർ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. കാതുകുത്തൽ ചടങ്ങ് ആഘോഷമാക്കാൻ ഒരുക്കിയ ഡി.ജെ സംഗീതം ഒരു രാത്രി വൈകിയതോടെ നിറുത്തിവയ്ക്കാൻ രാകേഷ് ആവശ്യപ്പെട്ടു.ഇതിൽ പ്രകോപിതനായ രാജ്കുമാർ കോടാലി കൊണ്ട് വെട്ടുകയായിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ രാകേഷിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് വനത്തിൽ തിരച്ചിൽ നടത്തുകയും സമീപമുള്ള കലുങ്കിന് താഴെ ഒളിച്ചിരുന്ന രാജ്കുമാറിനെ പിടികൂടുകയുമായിരുന്നു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.