
തിരുവനന്തപുരം: സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകൾക്ക് വെല്ലുവിളിയായി രാജ്യത്തെ എല്ലാ നഗരങ്ങളിലും അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് സ്ഥാപിക്കാൻ കേന്ദ്രസർക്കാർ.
ഇതിന്റെ ആസ്ഥാനമായാണ് കഴിഞ്ഞ ദിവസം നാഷണൽ അർബൻ കോ ഓപ്പറേറ്റീവ് ഫിനാൻസ് ആൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ (എൻ.യു.സി.എഫ്.ഡി.സി) ഡൽഹിയിൽ ഉദ്ഘാടനം ചെയ്തത്. 2021ൽ കേന്ദ്രത്തിൽ ആദ്യമായി സഹകരണ വകുപ്പ് രൂപീകരിക്കുകയും അമിത് ഷാ അതിന്റെ മന്ത്രിയാവുകയും ചെയ്തത് ഇതുലക്ഷ്യം വച്ചാണ്.
ഗുജറാത്തിലെ സഹകരണ ബാങ്കുകളുടെ സംസ്ഥാന പ്രസിഡന്റും ആർ.എസ്.എസിന്റെ കീഴിലുള്ള സഹകാർ ഭാരതിയുടെ ദേശീയ പ്രസിഡന്റുമായ ജ്യോതീന്ദ്രമേത്തയാണ് എൻ.യു.സി.എഫ്.ഡി.സിയുടെ ചെയർമാൻ. ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായും അർബൻ സഹകരണ ബാങ്കിംഗ് മേഖലയുടെ നിയന്ത്രണ സ്ഥാപനമായും പ്രവർത്തിക്കാൻ റിസർവ് ബാങ്ക് അനുമതിയുണ്ട്.
സംസ്ഥാന സർക്കാരിന് അതിശക്തമായ എതിർപ്പുണ്ട്. അക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. കേരള ബാങ്കിന് ഭീഷണിയാകുമെന്നാണ് ആശങ്ക.
സഹകരണമേഖല സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലായിരിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇത് മറികടക്കാൻ രണ്ടാം യു.പി.എ സർക്കാർ മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾക്ക് പ്രവർത്തനാനുമതി കൊടുത്തു. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ നീക്കം.
കരുവന്നൂർ തട്ടിപ്പ് പോലുള്ള സംഭവങ്ങളിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം കടുപ്പിക്കുകയും നബാർഡും റിസർവ് ബാങ്കും സംസ്ഥാന സഹകരണബാങ്കുകൾക്ക് നിയന്ത്രണങ്ങൾ ശക്തമാക്കുകയും ചെയ്യുന്നതിനിടെയാണ് കൂടുതൽ സ്വാതന്ത്ര്യമുള്ള കേന്ദ്ര അർബൻ ബാങ്കുകളെത്തുന്നത്.
ഇടപാടുകാർക്ക്
കൂടുതൽ ആനുകൂല്യം
1. കേന്ദ്രത്തിന്റെ പിൻബലമുള്ളതിനാൽ സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകൾ നൽകുന്നതിനേക്കാൾ ആനുകൂല്യങ്ങൾ നൽകാനാവും. താങ്ങാവുന്ന പലിശയ്ക്ക് വായ്പ ലഭ്യമാക്കും. നിക്ഷേപത്തിനും ആനുകൂല്യം മികച്ചതായിരിക്കും
2. എ.ടി.എം, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ്, ക്ലിയറിംഗ് സംവിധാനം, എസ്.എൽ.ആർ (നിയമപരമായ ലിക്വിഡിറ്റി റേഷ്യോ) പരിധി തുടങ്ങി എല്ലാ സൗകര്യങ്ങളോടെയാണ് കേന്ദ്രം അർബൻ സഹ. ബാങ്കുകൾ തുറക്കുന്നത്
കേരളത്തിലെ സഹ. നിക്ഷേപം 1,27,000 കോടി
1625:
പ്രാഥമിക
സഹ.ബാങ്കുകൾ
2700:
പ്രാഥമിക
ശാഖകൾ
60:
അർബൻ
ബാങ്ക്
390:
അർബൻ ബാങ്ക്
ശാഖകൾ
769:
കേരളബാങ്ക്
ശാഖകൾ
5 ലക്ഷം കോടി:
രാജ്യത്തെ അർബൻ
സഹ. ബാങ്ക് നിക്ഷേപം
1,500ൽ കൂടുതൽ:
രാജ്യത്തെ അർബൻ
സഹ. ബാങ്കുകൾ
11,000:
മൊത്തം ശാഖകൾ