crime

കോട്ടയം: ഫേസ്ബുക്കില്‍ കണ്ട പരസ്യത്തിലെ ലിങ്ക് വഴി സ്വകാര്യ ബാങ്കിലെ ലോണിന് അപേക്ഷിച്ച യുവതിയില്‍ നിന്ന് പണം തട്ടിയെടുത്തു. രണ്ട് ലക്ഷം രൂപയാണ് പരാതിക്കാരിക്ക് നഷ്ടപ്പെട്ടത്. പ്രതികളെ പൊലീസ് പിടികൂടി.എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശി നഹാസ്, പള്ളുരുത്തി സ്വദേശി സാദത്ത് പി.ടി (34) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

കോട്ടയം ഈരാറ്റുപേട്ട പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഭരണങ്ങാനം സ്വദേശിയാണ് തട്ടിപ്പിനിരയായത്. യുവതിയില്‍ നിന്നും പേഴ്സണല്‍ ലോണ്‍ തരപ്പെടുത്തി നല്‍കാം എന്ന് പറഞ്ഞ് 200000 രൂപ പ്രതികള്‍ പല തവണയായി തട്ടിയെടുത്തു. യുവതി ഫേസ്ബുക്കില്‍ സ്വകാര്യ ബാങ്കിന്റെ പേഴ്സണല്‍ ലോണ്‍ പരസ്യം കണ്ട് ലിങ്ക് വഴി ലോണിന് അപേക്ഷിച്ചു.

5 ലക്ഷം രൂപ വരെ ലോണ്‍ ലഭിക്കുമെന്നും ഇതിനായി പ്രോസസിംഗ് ഫീസും, മറ്റിനത്തിലുമായി പണം അടയ്ക്കണമെന്നും പ്രതികള്‍ യുവതിയോട് പറഞ്ഞു. പല തവണയായി പ്രതികള്‍ പണം വാങ്ങിയെടുത്തു. തട്ടിപ്പ് മനസിലാക്കിയ ഇവര്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ നഹാസിനേയും സാദത്തിനേയും റിമാന്‍ഡ് ചെയ്തു. തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വലിയ രീതിയിലുള്ള മുന്നറിയിപ്പ് നല്‍കിയട്ടും കേരളത്തില്‍ ഇത്തരം തട്ടിപ്പുകള്‍ വര്‍ദ്ധിക്കുകയാണെന്നാണ് സൈബര്‍ സെല്‍ അധികൃതര്‍ പറയുന്നത്.