
ന്യൂഡൽഹി : ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി മെഡൽ നേടിയിരുന്ന പുരുഷ ഗുസ്തി താരങ്ങളായ ബജ്റംഗ് പൂനിയ യും രവി ദഹിയയും അന്താരാഷ്ട്ര ഗുസ്തി മത്സരങ്ങൾക്കുള്ള സെലക്ഷൻ ട്രയൽസിൽ പരാജയപ്പെട്ടു. ഈ ട്രയൽസിൽ വിജയിക്കുന്നവർക്കാണ് ഒളിമ്പിക്സിന്റെയും ഏഷ്യൻ ചാമ്പ്യൻഷിപ്പിന്റെയും സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ അവസരം നൽകുക.
റെസ്‌ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ പ്രസിഡന്റായിരുന്ന ബ്രിജ്ഭൂഷൺ ചരൺസിംഗിനെതിരായ സമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന ബജ്റംഗ് ഇന്നലെ ഹരിയാനയിലെ സോനിപ്പത്തിൽ നടന്ന സെലക്ഷൻ ട്രയൽസിൽ 65 കി.ഗ്രാം വിഭാഗത്തിന്റെ സെമിഫൈനലിൽ രോഹിത് കുമാറിനോട് പരാജയപ്പെടുകയായിരുന്നു. ടോക്യോ ഒളിമ്പിക്സിൽ വെങ്കലം നേടിയിരുന്ന താരമാണ് ബജ്റംഗ്. 57 കി.ഗ്രാം വിഭാഗത്തിൽ ടോക്യോ ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവായ രവി ദഹിയ സെലക്ഷൻ ട്രയൽസിൽ യുവതാരം അമൻ സെഹ്റാവത്തിനോട് ആദ്യ റൗണ്ടിൽതന്നെ തോൽക്കുകയായിരുന്നു.
പാരീസ് ഒളിമ്പിക്സിൽ മത്സരിക്കാൻ ഇന്ത്യൻ പുരുഷ താരങ്ങൾക്ക് ആർക്കും ഇതുവരെ യോഗ്യത ലഭിച്ചിട്ടില്ല. വനിതാ വിഭാഗത്തിൽ അന്തിം പംഗലിന് മാത്രം ഒളിമ്പിക് ക്വാട്ട ബർത്ത് ലഭിച്ചിട്ടുണ്ട്.