
കത്തുന്ന വേനലാണ്. ഇത്തവണ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്ന് നേരത്തേ മുന്നറിയിപ്പും വന്നു. നദികളിലെ നിയന്ത്റണമില്ലാത്ത മണൽവാരലും, മരംവെട്ടലും, വീട്ടുപരിസരം കോൺക്രീറ്റിട്ട് കമനീയമാക്കുന്ന നമ്മുടെ ശീലവും എല്ലാം ചേർന്ന് മഴവെള്ളം മണ്ണിലേക്ക് ആഴ്ന്നിറങ്ങാനുള്ള വഴികളെല്ലാം അടഞ്ഞു. കാലാവസ്ഥയിലെ വ്യത്യാസം കാരണം മഴയുടെ കാലംതെറ്റിയെങ്കിലും, ആകെ പെയ്യുന്ന മഴയുടെ അളവിൽ കാര്യമായ വ്യത്യാസം വന്നിട്ടില്ല. മഴവെള്ളം സംഭരിച്ചു സൂക്ഷിക്കേണ്ടതിന്റെയും, മഴക്കാലത്ത് മണ്ണിലേക്ക് കൂടുതൽ വെള്ളം ആഴ്ന്നിറങ്ങുന്നതിന്റെ തോത് വർദ്ധിപ്പിക്കേണ്ടതിന്റെയും പ്രധാന്യം ഗൗരവത്തോടെ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പുതുതായി നിർമ്മിക്കുന്ന വീടുകൾക്കെങ്കിലും മഴവെള്ള സംഭരണികൾ നിർബന്ധമാക്കണം. ഇത് നിഷ്കർഷിക്കുന്ന നിയമം തദ്ദേശ സ്വയംഭരണ വകുപ്പ് പാസാക്കിയിരുന്നെങ്കിലും, പിന്നീട് അട്ടിമറിക്കപ്പെടുകയായിരുന്നു. ഇത് കർശനമായി നടപ്പിൽ വരുത്തണം. മഴവെള്ളം താഴാത്ത വിധത്തിൽ വീട്ടുമുറ്റവും പരിസരവും കോൺക്രീറ്റ് ചെയ്യുന്നവർക്ക് പഞ്ചായത്തുകൾ പിഴ ചുമത്തണം. തരിശായിക്കിടക്കുന്ന സ്ഥലങ്ങളിലെല്ലാം മഴക്കുഴികൾ നിർമ്മിച്ച്, ഭൂഗർഭത്തിലേക്ക് മഴവെള്ളം ആഴ്ന്നിറങ്ങാൻ സൗകര്യമൊരുക്കുന്ന വാട്ടർ റീചാർജ്ജിംഗ് തദ്ദേശതലത്തിൽ ഉറപ്പാക്കണം.
ഫ്ളാറ്റ് നിർമ്മാതാക്കളും മറ്റും കുഴൽക്കിണർ നിർമ്മാണവുമായി ബന്ധപ്പെട്ട നിയമങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. കുടിവെള്ളം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിർബന്ധപൂർവം തടയുക മാത്രമല്ല, ഇക്കാര്യത്തിൽ ഫലപ്രദമായ ബോധവത്കരണത്തിനും ഏർപ്പാടുണ്ടാകണം. ഇപ്പോൾ ദുർലഭമായ ശുദ്ധജലം, ഏതാനും വർഷം മുമ്പുവരെ നമുക്ക് സുലഭമായിരുന്നുവെന്ന് ഓർക്കണം. ഇനി കുറച്ചുവർഷം കഴിയുമ്പോൾ ശുദ്ധജലമെന്നത് വർഷം മുഴുവൻ അപൂർവമാകും! ആ കാലമെത്തും മുമ്പ് ജലസംരക്ഷണ നയം നടപ്പാക്കിയേ മതിയാകൂ.
എം.പി. ശശീന്ദ്രൻ
കൊടുവായൂർ