
പൂനെ: മദ്യലഹരിയിൽ ആശുപത്രിയിൽ നഗ്നനായി നടന്ന് ഡോക്ടർ. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലാ സർക്കാർ ആശുപത്രിയിലാണ് സംഭവം. ആശുപത്രിക്കുള്ളിൽ ഡോക്ടർ വിവസ്ത്രനായി നടക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ഇയാൾ മദ്യലഹരിയിലായിരുന്നു എന്നാണ് സൂചന. ആശുപത്രി ഇടനാഴിയിലൂടെ ടവൽ വീശിക്കൊണ്ട് ഇയാൾ വാഷ് റൂമിലേക്ക് പോകുന്നത് ദൃശ്യങ്ങളിൽ കാണാം. സംഭവം അന്വേഷിച്ചു വരികയാണെന്ന് ഛത്രപതി സംഭാജിനഗർ ജില്ലാ ഹെൽത്ത് സർവീസ് മേധാവി ഡോ.ദയാനന്ദ് മോട്ടിപാവ്ലെ പറഞ്ഞു. ഇക്കാര്യം മെഡിക്കൽ സൂപ്രണ്ടിനെ അറിയിച്ചിട്ടുണ്ടെന്നും ഡോക്ടർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കുറ്റാരോപിതനായ ഡോക്ടർ മയക്കുമരുന്നിന് അടിമയാണെന്ന് നാട്ടുകാർ ആരോപിച്ചു.