
മുംബയ് 224ന് ആൾഔട്ട്, വിദർഭ 31/3
മുംബയ് : മുംബയ്‌യും വിദർഭയും തമ്മിൽ നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിന്റെ ആദ്യദിനം വീണത് 13 വിക്കറ്റുകൾ. വാങ്കഡെ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബയ് 224 റൺസിന് ആൾഔട്ടായപ്പോൾ മറുപടിക്കിറങ്ങിയ വിദർഭ ആദ്യ ദിനം കളിനിറുത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 31 റൺസ് എന്ന നിലയിലാണ്.
പൃഥ്വി ഷാ (46), ഭുപൻ ലാൽവാനി (37) എന്നിവർ മികച്ച തുടക്കം നൽകിയെങ്കിലും മുഷീർ ഖാൻ (6), അജിങ്ക്യ രഹാനെ(7), ശ്രേയസ് അയ്യർ (7),ഹാർദിക് താമോർ (5) എന്നിവർ പെട്ടെന്ന് പുറത്തായതോടെ 111/6 എന്ന നിലയിലായ മുബയ്‌യെ 75 റൺസടിച്ച ആൾറൗണ്ടർ ശാർദൂൽ താക്കൂറാണ് 200 കടത്തിയത്.69 പന്തുകളിൽ എട്ടുഫോറും മൂന്ന് സിക്സും താക്കൂർ പറത്തി. വിദർഭയ്ക്കായി ഹർഷ് ദുബെയും യഷ് താക്കൂറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സീനിയർ പേസർ ഉമേഷ് യാദവിന് രണ്ട് വിക്കറ്റ് ലഭിച്ചു.
മറുപടിക്കിറങ്ങിയ വിദർഭയ്ക്ക് ധ്രുവ് ഷോറെ(0), അമോൻ മോഖദെ(8),കരുൺ നായർ(0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.193 റൺസ് പിന്നിലാണ് ഇപ്പോൾ വിദർഭ.