
ചെന്നൈ: ചൂട് കൂടുന്നതിന് പിന്നാലെ നാരങ്ങവിലയും ഉയരുകയാണ്. ആഴ്ചകൾക്ക് മുൻപ് കിലോയ്ക്ക് 25 രൂപയ്ക്ക് വിറ്റിരുന്ന നാരങ്ങയ്ക്ക് ഇപ്പോൾ കിലോയ്ക്ക് 85 മുതൽ 100 രൂപ വരെയാണ് മൊത്തവിപണിയിലെ വില. എന്നാൽ തമിഴ്‌നാട്ടിൽ ഒരു നാരങ്ങയ്ക്ക് മാത്രം 35000 രൂപ ലഭിച്ചെന്ന വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തമിഴ്‌നാട്ടിലെ ഈറോഡിന് സമീപമുള്ള ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിലാണ് ഒരു നാരങ്ങ 35000 രൂപയ്ക്ക് ലേലത്തിൽ വിറ്റത്.
ശിവഗിരി ഗ്രാമത്തിലെ പഴപൂശയൻ ക്ഷേത്രത്തിലാണ് ലേലം നടന്നത്. ശിവരാത്രി ദിനത്തിൽ ശിവഭഗവാന് സമർപ്പിച്ച നാരങ്ങയും പഴങ്ങളും ഉൾപ്പെടെയുള്ള വസ്തുക്കളാണ് ആചാരപ്രകാരം ലേലം ചെയ്തത്. 15 പേർ ലേലത്തിൽ പങ്കെടുത്തു. ലേത്തിൽ വച്ച നാരങ്ങ ക്ഷേത്ര പൂജാരി പൂജ നടത്തി ലേലം പിടിച്ച വ്യക്തിക്ക് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ കൈമാറി. ലേലം വിളിച്ച് നാരങ്ങ നേടുന്ന വ്യക്തിക്ക് വരും വർഷങ്ങളിൽ സമ്പത്തും ആരോഗ്യവും കൈവരുമെന്നാണ് ഇവിടുത്തെ വിശ്വാസം.