crime

തിരുവനന്തപുരം: സുഹൃത്തിന്റെ വിവാഹവാഗ്ദാനം നിരസിച്ച യുവതിയെ കാറില്‍ തട്ടിക്കൊണ്ട് പോയി. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്ത സംഘത്തില്‍ പൊലീസുകാരനും ഉള്‍പ്പെട്ടിരുന്നുവെന്ന് പരാതി. കേസില്‍ എ.ആര്‍ ക്യാമ്പിലെ ഗ്രേഡ് എ.എസ്.ഐ സുധീര്‍ (40) ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ അറസ്റ്റിലായി. ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

പരശുവയ്ക്കല്‍ സ്വദേശി ശ്യാം ദേവദേവന്‍ (42), പാറശാല സ്വദേശി ഷാനിഫ് (37), പൗണ്ട് കോളനി സ്വദേശി ഷജില, പരശുവയ്ക്കല്‍ സ്വദേശി അരുണ്‍ (37) എന്നിവരേയും തിരുവനന്തപുരം പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തു.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിഞ്ഞിരുന്ന യുവതിയും ശ്യാമും സുഹൃത്തുക്കളായിരുന്നു. പിന്നീട് ശ്യാമുമായുള്ള സൗഹൃദം അവസാനിപ്പിച്ചെങ്കിലും ഇവരെ ഇയാള്‍ പതിവായി ശല്യപ്പെടുത്തി. ഇവര്‍ തമ്മില്‍ നെടുമങ്ങാട് കോടതിയില്‍ സിവില്‍ കേസുണ്ട്.

പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തു വിവാഹം കഴിക്കാന്‍ വേണ്ടിയാണ് സ്ത്രീയെ തട്ടിക്കൊണ്ടു പോയതെന്നാണ് ശ്യാമിന്റെ മൊഴി. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 8.30ന് ശ്യാമിന്റെ സുഹൃത്ത് പൊലീസ് ഉദ്യോഗസ്ഥനായ സുധീര്‍ യൂണിഫോമില്‍ എത്തി കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യണമെന്നു പറഞ്ഞ് കാറില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു.

വഴിമധ്യേ കാര്‍ നിര്‍ത്തി ശ്യാമിന്റെ കാറില്‍ കയറ്റി തിരുനെല്‍വേലിയിലെ ഫാം ഹൗസില്‍ എത്തിച്ചു. ഒരുമിച്ചു ജീവിക്കണമെന്ന ശ്യാമിന്റെ ആവശ്യം നിരസിച്ചതോടെ എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് പരാതി. യുവതിയുടെ മക്കള്‍ അമ്മയെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.