 
ചാലക്കുടി: ബ്ലോഗർമാരുടെ പ്രകടനത്തിൽ പ്രകോപിതനായ കാട്ടാന ഷോളയാറിൽ സ്വകാര്യ ബസ് തടഞ്ഞിട്ടു. വാൽപ്പാറയിൽ നിന്നും ചാലക്കുടിയിലേക്ക് വരികയായിരുന്ന ചീനിക്കാസ് എന്ന ബസിന്റെ മുന്നിലാണ് ആന നിന്നത്. ആനക്കയത്ത് ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. 15 മിനിറ്റോളം ഗതാഗതം തടസപ്പെട്ടു. റോഡിരികിലാണ് ആദ്യം ആനയെ കണ്ടത്.
ബൈക്കുകളിലെത്തിയ 15 ഓളം വിനോദ സഞ്ചാരികൾ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തുന്നനിടെ ആന പ്രകോപിതനായി. ഇതേത്തുടർന്ന് തിരികെ ഷോളാർ ഭാഗത്തേക്ക് ആന നടക്കുന്നതിനിടെ വളവിൽ വച്ചാണ് ബസിന്റെ മുന്നിലെത്തിയത്. പെട്ടെന്ന് ബ്രേക്കിട്ട ബസിന്റെ ലീഫ് ഒടിഞ്ഞു.
പിന്നീട് ആന ഈറ്റക്കാട്ടിലേക്ക് ഒതുങ്ങിനിന്നപ്പോൾ ബസ് പതിയെ സ്റ്റാർട്ട് ചെയ്ത് മുന്നോട്ടു നീങ്ങി. ഇതിനിടെ വളവിനപ്പുറത്ത് തമ്പടിച്ച ബ്ലോഗർമാരുടെ ബഹളം കേട്ട ആന വീണ്ടും ബസിന്റെ പിറകെയെത്തി. ഇതോടെ ബസ് നിറുത്തിയിട്ടു. പിന്നീട് ആന പോയ ശേഷമാണ് തകരാറിലായ ബസ് പതിയെ ഓടിച്ചുപോയത്. മദപ്പാടുള്ള കൊമ്പനായിരുന്നു ഇതെന്ന് ബസ് ഡ്രൈവർ ബിജു പറഞ്ഞു. ഭാഗ്യത്താൽ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.