train

മുംബയ്: കഴിഞ്ഞ ജൂലായ് 31ന് ജയ്പുർ- മുംബയ് സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ മേലുദ്യോഗസ്ഥനെയും മൂന്ന് യാത്രക്കാരെയും ആർ.പി.എഫ് കോൺസ്റ്റബിൾ വെടിവച്ചുകൊന്ന സംഭവത്തിൽ രണ്ടുപേരെ പുറത്താക്കി.

കോൺസ്റ്റബിൾമാരായ അമയ് ആചാര്യ, നരേന്ദ്ര പാർമർ എന്നിവരെയാണ് ആർ.പി.എഫ് മുംബയ് ഡിവിഷൻ സീനിയർ ഡിവിഷനൽ സെക്യൂരിറ്റി കമ്മിഷണർ പുറത്താക്കിയത്. ഔദ്യോഗിക കൃത്യനിർവഹണത്തിലെ പരാജയം ചൂണ്ടിക്കാട്ടിയാണ് നടപടി. വെടിവയ്പ് നടത്തിയ ചേതൻസിംഗ് ചൗധരിയെ സർവിസിൽ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു.

പ്രതി മഹാരാഷ്ട്രയിലെ അകോല ജയിലിലാണ്. മുസ്ലിങ്ങളായ മൂന്ന് യാത്രക്കാരെ തിരഞ്ഞുപിടിച്ച് വെടിവയ്ക്കുകയായിരുന്നുവെന്നാണ് കേസ്. നേരത്തേ ജോലി മതിയാക്കി വാപ്പിയിൽ ഇറങ്ങാൻ സമ്മതിക്കാത്തതിലുള്ള വൈരാഗ്യമാണ് ആർ.പി.എഫ് എ.എസ്.ഐ ടിക്കാറാം മീണയെ കൊല്ലാൻ കാരണമെന്നും പറയുന്നു.