modi

ലഖ്‌നൗ: തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ കാര്യത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . ഉത്തര്‍പ്രദേശിലെ അസംഗഢില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ സര്‍ക്കാരുകള്‍ തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങള്‍ നല്‍കി അപ്രത്യക്ഷമാകാറുണ്ടായിരുന്നുവെന്ന് മോദി പറഞ്ഞു.

'മുന്‍ ഗവണ്‍മെന്റുകള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. ഞാന്‍ പരിശോധിച്ചപ്പോള്‍, 30-35 വര്‍ഷം മുമ്പ് നടത്തിയ പ്രഖ്യാപനങ്ങള്‍ ഒരിക്കലും പാലിക്കപ്പെട്ടിട്ടില്ല. അവര്‍ തിരഞ്ഞെടുപ്പിന് മുമ്പ് ഒരു ഫലകം സ്ഥാപിക്കുമായിരുന്നു, പിന്നീട് അത് അപ്രത്യക്ഷമാകും. നേതാക്കളും അപ്രത്യക്ഷമാകും.

എന്നാല്‍ താനും ബിജെപിയും അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു. 2019 ല്‍ ഞങ്ങള്‍ സ്ഥാപിച്ച തറക്കല്ലുകള്‍ തിരഞ്ഞെടുപ്പിന് വേണ്ടിയായിരുന്നില്ല. ഞങ്ങള്‍ അത് ഉദ്ഘാടനം ചെയ്തതായി ജനങ്ങള്‍ക്ക് കാണാം' പ്രധാനമന്ത്രി പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പദ്ധതികളുടെ ഉദ്ഘാടനവും പ്രഖ്യാപനങ്ങളും നടത്തുന്ന പ്രധാനമന്ത്രി മോദിയെ പ്രതിപക്ഷ നേതാക്കള്‍ പരിഹസിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവനകള്‍.

തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും നല്‍കാനായി തങ്ങളുടെ നേതാക്കള്‍ പ്രത്യക്ഷപ്പെടുന്ന പഴയ ചിന്താഗതിയുടെ അതേ വിഭാഗത്തിലാണ് പ്രതിപക്ഷം തന്നെയും ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.