snake

കോട്ടയം: ബോട്ടുജെട്ടിയോട് ചേര്‍ന്നുള്ള സ്റ്റേഷന്‍ കോമ്പൗണ്ടില്‍ വെസ്റ്റ് പൊലീസിന് സ്വന്തമായി പാമ്പുവളര്‍ക്കല്‍ കേന്ദ്രമുണ്ട്. കേസുകളിലും അപകടങ്ങളിലുംപെട്ട് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ കാടുപിടിച്ചാണ് ക്ഷുദ്ര ജീവികളുടെ വിഹാര കേന്ദ്രമായത്. വിദേശികളടക്കമുള്ള നിരവധി സഞ്ചാരികളെത്തുന്നിടത്താണ് വാഹനങ്ങളുടെ ശ്മശാനഭൂമി.

കാറുകള്‍, ലോറി, വാനുകള്‍, ഓട്ടോറിക്ഷകള്‍, ഇരുചക്രവാഹനങ്ങള്‍ തുടങ്ങി ഒരു കുന്ന് വാഹനങ്ങളാണ് ഇത്തരത്തില്‍ നശിക്കുന്നത്. കേസില്‍ ഉള്‍പ്പെടുമെന്ന് അറിഞ്ഞ് പ്രതികള്‍ ഉപയോഗിക്കുന്ന 'നടതള്ളിയ' വാഹനങ്ങള്‍ മുതല്‍ പുതുപുത്തന്‍ വരെയുണ്ട്. സ്റ്റേഷന്‍ വളപ്പിലും റോഡരികിലുമായി കിടക്കുന്ന വാഹനങ്ങള്‍ വര്‍ഷങ്ങളായി കോടതിയില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ സാക്ഷ്യപത്രങ്ങള്‍ക്കൂടിയാണ്. കേസ് അനുകൂലമായാലും ഈ വാഹനങ്ങള്‍ തിരിച്ചുകിട്ടിയിട്ട് കാര്യമില്ല. ആരും എടുക്കുകയുമില്ല.

വള്ളിക്കെട്ടുകള്‍

വാഹനങ്ങളുടെ മേല്‍കാടും പടലും പിടിച്ച് മനുഷ്യന് കടന്ന് ചെല്ലാന്‍ കഴിയാത്ത അവസ്ഥ. പാമ്പും ഉടുമ്പും മറ്റ് ക്ഷുദ്ര ജീവികളുമെല്ലാം സുഖമായി കഴിയുന്നു. യാത്രക്കാരും വിനോദസഞ്ചാരികളും നടക്കാനിറങ്ങുന്നവരുമായി പരിസരത്ത് ദിവസമെത്തുന്നത് നൂറുകണക്കിന് പേര്‍. സ്ഥലം വെട്ടിത്തെളിച്ച് വാഹനങ്ങള്‍ നീക്കിയാല്‍ സ്റ്റേഷന്‍ വളപ്പ് മറ്റ് കാര്യങ്ങള്‍ക്കും ഉപയോഗിക്കാം.

നടപടിയില്ല


കേസില്‍പ്പെട്ട് കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ പരിശോധിച്ച് വില നിശ്ചയിച്ച് ലേലംചെയ്ത് വില്‍ക്കണമെന്നാണ് ചട്ടം. വാഹനം പിടിച്ചെടുത്താല്‍ രണ്ടാഴ്ചയ്ക്കകം ഫോട്ടോയെടുത്ത് ബന്ധപ്പെട്ടവരെക്കണ്ട് നടപടി പൂര്‍ത്തിയാക്കി കോടതിമുമ്പാകെ എത്തിക്കണമെന്നാണ് നിര്‍ദേശം. കോടതി പ്രത്യേകമായി നിര്‍ദേശിക്കാത്തപക്ഷം പിടിച്ചെടുത്ത വാഹനങ്ങള്‍ കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ടതില്ല. വിട്ടുകൊടുക്കാന്‍ കോടതി നിര്‍ദേശിച്ചാല്‍ രണ്ടുമാസത്തിനകം വിട്ടുകൊടുത്തിരിക്കണം. ലേലത്തില്‍ വില്‍ക്കാനാണ് കോടതി നിര്‍ദേശിക്കുന്നതെങ്കില്‍ രണ്ടാഴ്ചയ്ക്കകം നടപടി തുടങ്ങി ആറുമാസത്തിനകം പൂര്‍ത്തിയാക്കണം. എന്നാല്‍ ഉടമകള്‍ക്ക് വണ്ടികള്‍ കണ്ടെത്താന്‍ പോലും ഇപ്പോള്‍ പ്രയാസം.

വാഹനം മാറ്റിയാല്‍

സ്റ്റേഷന്‍ വളപ്പ് തെളിച്ച് വിശ്രമകേന്ദ്രമോ പാര്‍ക്കിംഗ് കേന്ദ്രമോ ആക്കാം

കാല്‍നടയാത്രക്കാര്‍ക്ക് സ്വസ്ഥമായി കടന്നു പോകാം

വിദേശകള്‍ ഉള്‍പ്പെടെ കാണുന്നതിനാല്‍ നാണക്കേട് ഒഴിവാക്കാം

''വാഹനങ്ങള്‍ ലേലം ചെയ്യാനോ വിട്ടുകൊടുക്കാനോ കൃത്യമായ ഇടപെടലുകളാണ് ആവശ്യം. ഇത്രയും കണ്ണായ സ്ഥലം ഇങ്ങനെ പാഴാക്കരുത്'' പത്മകുമാര്‍, പൊതുപ്രവര്‍ത്തകന്‍.