
കട്ടപ്പന: ഇരട്ടക്കൊലപാതക കേസിൽ കട്ടപ്പന കക്കാട്ടുകടയിലെ വാടക വീട്ടിൽ തറ പൊളിച്ച് നെല്ലിപ്പള്ളിൽ വിജയന്റേതെന്ന് കരുതുന്ന മൃതദേഹം പുറത്തെടുത്തു. വിജയന്റെ ഭാര്യ സുമയും മകൻ വിഷ്ണുവുംമകളും ഇവിടെയാണ് താമസം. ഭാര്യയെയും മകനെയും പ്രതിചേർത്തു.
മൂന്നായി മടക്കി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് കാർഡ് ബോർഡ് പെട്ടിയിലാക്കി കുഴിയിൽ ഇരുത്തിയ നിലയിലായിരുന്നു 58 വയസുകാരന്റെ മൃതദേഹം.
ഇന്ന് രാവിലെ 10 മണിയോടെയാണ് കസ്റ്റഡിയിൽ വാങ്ങിയ മുഖ്യ പ്രതി നിതീഷിനെ കാഞ്ചിയാർ കക്കാട്ടുകടയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. വിജയനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടുകയായിരുന്നെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കൊലപ്പെടുത്താൻ ഉപയോഗിച്ച ചുറ്റികയും കണ്ടെത്തി. പ്രതി പറഞ്ഞ ഭാഗത്ത് കുഴിയെടുത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. മൂന്നരയടി വ്യാസവും അഞ്ചടിയിലേറെ താഴ്ചയുമുള്ള കുഴിയിൽ മുട്ടിൽ കുത്തി കമിഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. പാന്റ്സ്, ഷർട്ട്, ബെൽറ്റ് എന്നിവ ധരിച്ചിരുന്നു. ശരീര ഭാഗങ്ങൾ അഴുകി അസ്ഥികൂടമായിരുന്നു. തലയോട്ടി വേർപെട്ട നിലയിലായിരുന്നു. മൃതദേഹാവശിഷ്ടങ്ങൾ വിജയന്റേതെന്ന് സ്ഥിരീകരിക്കാൻ ഡി.എൻ.എ പരിശോധന നടത്തും. പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കഴിഞ്ഞ രണ്ടിന് ഒരു വർക്ക്ഷോപ്പിലെ മോഷണ ശ്രമത്തിനിടെയാണ് വിജയന്റെ മകൻ വിഷ്ണുവും കൂട്ടാളിനിതീഷ് രാജനും പിടയിലായത്. വിഷ്ണുവിന്റെ മാതാവിന്റെയും സഹോദരിയുടെയും സംസാരത്തിലും വീട്ടിലെ സാഹചര്യങ്ങളിലും സംശയം തോന്നിയ പൊലീസ് നടത്തിയ വിശദമായ അന്വേഷണമാണ് ഇരട്ട കൊലപാതക കേസിന് തുമ്പുണ്ടാക്കിയത്.
2023 ആഗസ്റ്റിൽ കക്കാട്ടുകടയിലെ വീട്ടിൽ വച്ച് വിജയനെ ഭാര്യ സുമയുടെയും മകൻ വിഷ്ണുവിന്റെയും സഹായത്തോടെ നിതീഷ് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. സുമയെയും വിഷ്ണുവിനെയും പ്രതി ചേർത്തിട്ടുണ്ട്. നിതീഷുമായുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഒന്നര ദിവസം കൊണ്ട് നിർമ്മിച്ചതാണ് കുഴിയെന്നാണ് വിവരം. ആ സമയമത്രയും മൃതദേഹം മുറിയിൽ തന്നെയായിരുന്നു . എട്ട് വർഷം മുമ്പ് ഇവർ ആദ്യം താമസിച്ചിരുന്ന കട്ടപ്പന സാഗര തീയേറ്ററിന് സമീപത്തെ വീട്ടിൽ വിജയന്റെ മകളുടെ നവജാത ശിശുവിനെയും കൊലപ്പെടുത്തി തൊഴുത്തിന് സമീപം കുഴിച്ചിട്ടു. നിതീഷും വിഷ്ണുവും കൊല്ലപ്പെട്ട വിജയനും ചേർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയെന്നും എഫ്.ഐ.ആറിലുണ്ട്. ആഭിചാര ക്രിയകൾ നടന്നതായി പൊലീസ് സ്ഥിരീകരിക്കുന്നില്ലെങ്കിലും അതിനെ സാധൂകരിക്കും വിധമാണ് വീട്ടിലെ സാഹചര്യങ്ങൾ.
നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ സ്ഥലത്ത് രാത്രി വരെ പൊലീസ് പരിശോധന നടത്തിയെങ്കിലും അവശിഷ്ടങ്ങൾ കണ്ടെത്താനായില്ല. സാഗര ജംഗ്ഷനിൽ കൊല്ലപ്പെട്ട വിജയനും കുടുംബവും മുമ്പ് താമസിച്ചിരുന്ന വീടിനോട് ചേർന്നുള്ള പശുത്തൊഴുത്ത് കുഴിച്ചായിരുന്നു പരിശോധന. കുഞ്ഞിനെ കൊലപ്പെടുത്തി തൊഴുത്തിൽ കുഴിച്ചു മൂടിയെന്നാണ് പ്രതി നിതീഷ് മൊഴി നൽകിയിരിക്കുന്നത്. ഇതിൽ വൈരുധ്യമുണ്ടെന്നാണ് സൂചന. ജഡം മറവ് ചെയ്തെന്ന് കരുതുന്ന സ്ഥലത്ത് നിന്നുള്ള മണ്ണ് ഫോറൻസിക് സംഘം ശേഖരിച്ചിട്ടുണ്ട്. നാളെ തെരച്ചിൽ തുടരും. 2016ലാണ് ജനിച്ചു നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത്.