pic

ദ്വീപുകൾ എന്ന് കേൾക്കുമ്പോൾ മനോഹരമായ കടൽത്തീരങ്ങളും അവധി ആഘോഷിക്കാനെത്തുന്ന ടൂറിസ്റ്റുകളുമൊക്കെയാകും നമ്മുടെ മനസിലേക്ക് കടന്നുവരിക. എന്നാൽ, ലോകത്തിലെ ഏറ്റവും മനോഹരമായ ദ്വീപുകൾക്കൾക്കിടെയിൽ തന്നെ ലോകത്തെ ഏറ്റവും അപകടകരമായ ചില ദ്വീപുകളുണ്ട്.! അത്തരത്തിൽ മനുഷ്യവാസമില്ലാത്ത അപകടങ്ങൾ നിറഞ്ഞ ഏതാനും ദ്വീപുകളെ പരിചയപ്പെടാം.

 കൊടും വിഷം

ബ്രസീലിലെ സാവോ പോളോയ്ക്കടുത്ത് അറ്റ്ലാൻഡിക്ക് സമുദ്രത്തിൽ ഏകദേശം 110 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന പാറക്കെട്ടുകൾ മുതൽ മഴക്കാടുകൾ വരെ നിറഞ്ഞ മനോഹരമായ ഒരു കുഞ്ഞൻ ദ്വീപാണ് ' ഈലാ ഡ ക്വീമഡ ഗ്രാൻഡ് . എന്നാൽ, 'പാമ്പ് ദ്വീപ്' എന്നറിയപ്പെടുന്ന ഇവിടം 4,000ത്തിലധികം കൊടും വിഷ പാമ്പുകളുടെ ആവാസ കേന്ദ്രമാണ്. ലോകത്തിലെ ഏറ്റവും മാരക വിഷമുള്ള അണലി വർഗത്തിൽ പെട്ട 'ഗോൾഡൻ ലാൻസ്ഹെഡ് സ്നേക്ക് ' ആണ് ഇക്കൂട്ടത്തിലെ പ്രമുഖൻ. മനുഷ്യമാംസം ഉരുക്കാൻ സാധിക്കുന്നത്ര കൊടും വിഷമുണ്ടിതിന്. വംശനാശഭീഷണി നേരിടുന്ന ഗോൾഡൻ ലാൻസ് ഹെഡ് വൈപ്പർ കാണപ്പെടുന്ന ഏക പ്രദേശവും ഇതാണ്. പാമ്പുകളെ പറ്റി പഠനം നടത്തുന്ന ഏതാനും ശാസ്ത്രജ്ഞർക്ക് മാത്രമേ ഇവിടെ പ്രവേശനമുള്ളു.

 പുറംലോകത്ത് നിന്ന് ഒറ്റപ്പെട്ട്...

ഇന്ത്യൻ മഹാസമുദ്രത്തിലെ ഇന്ത്യയുടെ അധീനതയിലുള്ള ആൻഡമാൻ ദ്വീപസമൂഹത്തിന്റെ ഭാഗമായ നോർത്ത് സെന്റിനൽ ദ്വീപിനെ പറ്റി മിക്കവരും കേട്ടിരിക്കാം. ഈ ദ്വീപിന്റെ തീരത്ത് മനുഷ്യർ കാലുകുത്തുന്നത് തന്നെ അപകടമാണ്. 60,000 വർഷത്തിലേറെയായി ഇവിടെ ജീവിക്കുന്നത് പുറംലോകവുമായി ബന്ധമില്ലാത്ത ഗോത്രവർഗ്ഗക്കാരാണ്. ഇവരെ പറ്റി പരിമിതമായ അറിവ് മാത്രമാണ് ലോകത്തിനുള്ളത്. പുറത്ത് നിന്നെത്തുന്ന ആരെയും ഇവർ ദ്വീപിലേക്ക് കടത്തില്ല. 2018ൽ ക്രിസ്ത്യൻ സുവിശേഷകനായ ജോൺ ചൗ എന്ന 26കാരനായ യു.എസ് പൗരൻ ഇവിടെയെത്തുകയും ദ്വീപിലെ ഗോത്രവർഗ്ഗക്കാരുടെ അമ്പേറ്റ് കൊല്ലപ്പെടുകയും ചെയ്തിരുന്നു. ജോണിനെ ദ്വീപിലെത്താൻ സഹായിച്ച മത്സ്യത്തൊഴിലാളികളാണ് അദ്ദേഹം കൊല്ലപ്പെട്ട വാർത്ത പുറംലോകത്തെ അറിയിച്ചത്. ഇവരുടെ ബോട്ട് തീരത്തോട് അടുപ്പിച്ചിരുന്നില്ല. 2006ൽ ബോട്ട് തകരാറിലായതിനെ തുടർന്ന് രാത്രി ദ്വീപിൽ അഭയം പ്രാപിച്ച രണ്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളും സമാനരീതിയിൽ കൊല്ലപ്പെട്ടിരുന്നു. പുറമേ നിന്നുളളവർ നോർത്ത് സെന്റിനൽ ദ്വീപിലേക്ക് കടക്കുന്നതിന് ഇന്ത്യ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

 ആണവ വികിരണം

രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കൻ മിലിട്ടറിയുടെ ന്യൂക്ലിയർ പരീക്ഷണ കേന്ദ്രമായിരുന്നു പസഫിക് സമുദ്രത്തിലെ ബിക്കിനി അറ്റോൾ ദ്വീപ്. ഹിരോഷിമയിൽ പതിച്ച ആറ്റംബോബിന്റെ 1000 ഇരട്ടി വലിപ്പമുള്ള ബോംബുൾപ്പെടെ 1940നും 1965നും ഇടയിൽ 70ലേറെ ന്യൂക്ലിയർ പരീക്ഷണങ്ങളാണ് ഇവിടെ നടന്നത്. 80കളിലും അമേരിക്ക ഇവിടെ രഹസ്യമായി ആണവ പരീക്ഷണങ്ങൾ നടത്തിയതായി പറയപ്പെടുന്നു. ഇവിടുത്തെ ജനങ്ങളെ മാറ്റി പാർപ്പിച്ച ശേഷമായിരുന്നു പരീക്ഷണങ്ങൾ നടത്തിയത്. എന്നാൽ, ഇന്ന് 60ലേറെ വർഷങ്ങൾ പിന്നിട്ടിട്ടും മനുഷ്യർക്ക് ഈ ദ്വീപ് സുരക്ഷിതമല്ല. കാരണം ഇപ്പോഴും ഇവിടെ ആണവവികിരണ സാന്നിദ്ധ്യമുണ്ട്. ഇത് മനുഷ്യനിൽ മാരക രോഗങ്ങൾക്ക് കാരണമാകും.

 പ്രേത ശല്യം

ലോകത്തെ ഏറ്റവും ഭയാനകമായ പ്രദേശമെന്നാണ് ഇറ്റലിയിലെ പൊവേലിയ ദ്വീപ് അറിയപ്പെടുന്നത്. പ്ലേഗ് മഹാമാരി ബാധിച്ച് മരിച്ച ലക്ഷക്കണക്കിന് പേരെ ഇവിടെ കൂട്ടത്തോടെ മറവ് ചെയ്‌തു. 1776 മുതലാണ് പ്ലേഗ് ബാധിതരെ പൊവേലിയയിലേക്ക് നാടുകടത്താൻ തുടങ്ങിയത്. ചില രോഗികളെ ജീവനോടെ ചുട്ടു കൊന്നു. പിന്നീട് ശ്മശാന സമാനമായ പൊവേലിയയിൽ 1922ൽ തകർന്ന കെട്ടിടങ്ങൾ പുതുക്കി മാനസികാശുപത്രിയാക്കി മാറ്റിയിരുന്നു. ഈ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ രോഗികളിൽ അതിക്രൂരമായ പല ചികിത്സാ പരീക്ഷണങ്ങളും നടന്നിരുന്നു. അവിടെ മരിക്കുന്നവരെയും പൊവേലിയയിൽ തന്നെയാണ് സംസ്കരിച്ചത്. ഇവരുടെയെല്ലാം ആത്മാക്കൾ ഇന്നും ഇവിടെ അലയുകയാണെന്നാണ് സമീപ പ്രദേശങ്ങളിലുള്ളവരുടെ വിശ്വാസം. പൊവേലിയയിൽ അസ്വഭാവികമായ സംഭവങ്ങൾ അനുഭവിച്ചിട്ടുള്ളതായി അവകാശപ്പെട്ട് ചില പാരാനോർമൽ ഗവേഷകർ വരെ രംഗത്തെത്തിയിട്ടുണ്ട്. ആശുപത്രി പൂട്ടിയതോടെ പൊവേലിയ വീണ്ടും വിജനമാവുകയായിരുന്നു.

 മാരക രോഗം

സ്കോട്ട്‌ലൻഡിന്റെ വടക്ക് പടിഞ്ഞാറൻ തീരത്തുള്ള ചെറുദ്വീപാണ് ഗ്രിൻയാർഡ്. ' ആന്ത്രാക്സ് ദ്വീപ് " എന്നാണിവിടം അറിയപ്പെടുന്നത്. ബ്രിട്ടീഷ് ഗവൺമെന്റിന്റെ ജൈവായുധ പരീക്ഷണങ്ങളുടെ ഭാഗമായിരുന്നു ഈ പ്രദേശം. പരീക്ഷണങ്ങൾക്ക് വിധേയമാക്കപ്പെട്ട ജീവികളുടെ മൃതദേഹങ്ങൾ ഇവിടെയാണ് തള്ളിയിരുന്നത്.


മാരകമായ ആന്ത്രാക്സ് ബാക്ടീരിയയെ ഈ ദ്വീപിൽ വച്ച് ജീവികളിൽ പരീക്ഷിച്ചിരുന്നു. ഇതോടെ 1990കൾ വരെ ഏകദേശം 50 വർഷത്തോളം ഗ്രിൻയാർഡ് ബാക്ടീരിയകളാൽ നിറഞ്ഞിരുന്നു. പിന്നീട് ശാസ്ത്രജ്ഞർ ചേർന്ന് ഇവിടം അണുമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയെങ്കിലും ഈ ദ്വീപ് ഇന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.