
ന്യൂയോർക്ക്: വിട്ടുമാറാത്ത കടുത്ത തലവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 52 കാരന്റെ തലച്ചോറിൽ നാടവിരകളെ കണ്ടെത്തി ഡോക്ടർമാർ. യു.എസിലെ ന്യൂയോർക്കിലാണ് സംഭവം. രോഗിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
നാല് മാസം തലവേദന വിടാതെ പിന്തുടർന്നതോടെയാണ് ഇയാൾ ആശുപത്രിയിലെത്തിയത്. മൈഗ്രെയിൻ ആണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ വിദഗ്ദ്ധ പരിശോധനയിൽ തലച്ചോറിനുള്ളിൽ വിരകളുടെ മുട്ടകൾ കണ്ടെത്തി. തലച്ചോറിന്റെ രണ്ട് വശങ്ങളിലും മുട്ടകൾ കണ്ടെത്തി.
മതിയായി വേവിക്കാത്ത പന്നിയിറച്ചിയിൽ നിന്നാകാം ഇത് രോഗിയുടെ ശരീരത്തിലേക്ക് കടന്നതെന്ന് കരുതുന്നു. രോഗി ബേക്കൺ സ്ഥിരമായി കഴിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു. ഇത്തരത്തിൽ ശരീരത്തിലെത്തുന്ന വിരകൾക്ക് മുട്ടയിട്ട് പെരുകാനുള്ള ശേഷിയുണ്ട്. നിലവിൽ ഇയാളുടെ നില തൃപ്തികരമാണെന്നാണ് വിവരം. തീവ്രപരിചരണ വിഭാഗത്തിൽ ആഴ്ചകളോളം നീണ്ട ചികിത്സയ്‌ക്കൊടുവിൽ ഇദ്ദേഹത്തിന്റെ രോഗം ഏറെക്കുറേ ഭേദമായി. അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു മെഡിക്കൽ ജേണലിലാണ് സംഭവം വിശദീകരിച്ചിട്ടുള്ളത്.