nithish

ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതകക്കേസിൽ അന്വേഷണം പുരോഗമിക്കുന്നു. നെല്ലിപ്പള്ളിൽ വിജയൻ, വിജയന്റെ പേരക്കുട്ടി എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം കട്ടപ്പന കക്കാട്ടുകടയിലെ വാടക വീട്ടിൽ തറ പൊളിച്ച് നടത്തിയ പരിശോധനയിൽ വിജയന്റെ മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തിരുന്നു.

വിജയന്റെ പേരക്കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. നാല് ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് പ്രതികൾ കുഞ്ഞിനെ കൊലപ്പെടുത്തിയത്. 2016ലായിരുന്നു സംഭവം. കേസിലെ പ്രതിയായ നിതീഷ് ഇടയ്ക്കിടെ മൊഴി മാറ്റുന്നത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്.

കുഞ്ഞിന്റെ മൃതദേഹം കട്ടപ്പന സാഗര ജംഗ്ഷനിലെ വീടിന് സമീപത്തെ തൊഴുത്തിൽ മറവ് ചെയ്‌തെന്നായിരുന്നു ആദ്യം പ്രതി മൊഴി നൽകിയത്. അവിടെ ഇന്നലെ അന്വേഷണ സംഘം വിശദമായി പരിശോധന നടത്തിയെങ്കിലും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായില്ല.

മൃതദേഹം തൊഴുത്തിൽ നിന്ന് പിന്നീട് മാറ്റിയിരുന്നെന്ന് നിതീഷ് മൊഴി മാറ്റി. എന്നാൽ കൂട്ടുപ്രതിയും വിജയന്റെ മകനുമായ വിഷ്ണു ഇക്കാര്യം നിഷേധിച്ചു. പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

വിഷ്ണുവും കുടുംബവും താമസിച്ചിരുന്ന വാടക വീടിന്റെ ഉടമസ്ഥയോട് ഇവർ പറഞ്ഞിരുന്നത് മുഴുവൻ കള്ളമാണെന്നും കണ്ടെത്തിയിട്ടുണ്ട്. കള്ളം പറഞ്ഞും തെറ്റിദ്ധരിപ്പിച്ചുമാണ് വിഷ്ണു വീട് വാടയ്‌ക്കെടുത്തതെന്ന് വീട്ടുടമ സോളി പറഞ്ഞു. 2023 ജൂൺ 23നാണ് പ്രതികൾ വാടക വീടെടുക്കുന്നത്. വിഷ്ണുവും വിജയനും ചേർന്നായിരുന്നു വാടക വീട് എടുക്കാൻ വന്നത്. അമ്മയെയും സഹോദരിയെയും കണ്ടിട്ടില്ല. പേര് അജിത്ത് എന്നാണെന്നും പി.എസ്.സിക്ക് പഠിക്കുകയാണെന്നുമാണ് വിഷ്ണു പറഞ്ഞത്. അച്ഛനും മകനും താമസിക്കാനാണെന്ന് പറഞ്ഞാണ് വിജയന്റെ പേരിൽ വീട് വാടകക്കെടുത്തത്. അമ്മയും സഹോദരിയും പൂനെയിലാണെന്നും പറഞ്ഞു.

വാടകവീട്ടിലേക്ക് ഉടമ ചെല്ലാതിരിക്കാൻ വാടക പണം വീട്ടിലെത്തിച്ചു നൽകിയിരുന്നു. ഒരുതവണ നിതീഷും വിജയനും ചേർന്നാണ് വന്നതെന്നും നിതീഷിനെ കസിൻ എന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയതെന്നും വീട്ടുടമ പറഞ്ഞു. നിതീഷ് താമസിക്കുന്ന വിവരവും അറിഞ്ഞിരുന്നില്ല. വാടകവീട്ടിൽ പലതവണ എത്തിയപ്പോഴും ആരെയും കണ്ടിരുന്നില്ല. നിതീഷിന്റെയും വിഷ്ണുവിന്റെയും പേരുകൾ മാറ്റിയാണ് വീട്ടുടമയോട് പറഞ്ഞിരുന്നത്. നിതീഷിന്റെ പേര് ആദ്യം ശ്രീഹരി എന്നും പിന്നീട് പ്രണവ് എന്നുമാണ് പറഞ്ഞിരുന്നതെന്നും വീട്ടുടമ പറഞ്ഞു.