uae

അബുദാബി: സൗദി അറേബ്യയിൽ മാസപ്പിറവി കണ്ടതിനാൽ ഗൾഫ് രാജ്യങ്ങളിൽ ഇന്നുമുതൽ റംസാൻ വ്രതം ആരംഭിച്ചിരിക്കുകയാണ്. വിശുദ്ധ മാസത്തിൽ പ്രവാസികളടക്കമുള്ള നിവാസികൾക്കായി അനേകം ആനുകൂല്യങ്ങളാണ് യുഎഇ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

ജോലിസമയം

പുണ്യമാസത്തിൽ ജോലിസമയം ഗണ്യമായി കുറച്ചിരിക്കുകയാണ് സർക്കാർ. തിങ്കൾ മുതൽ വ്യാഴംവരെ ജോലിസമയത്തിൽ മൂന്നര മണിക്കൂർ ഇളവും വെള്ളിയാഴ്‌ച ഒന്നര മണിക്കൂർ ഇളവും ലഭിക്കും. സർക്കാരിനുകീഴിലുള്ള എല്ലാ വകുപ്പുകളും മറ്റ് ഏജൻസികളും തിങ്കൾമുതൽ വ്യാഴംവരെ രാവിലെ ഒൻപതുമുതൽ 2.30വരെയും വെള്ളിയാഴ്‌ച ഒൻപതുമുതൽ 12വരെയായിരിക്കും പ്രവ‌ർത്തിക്കുന്നത്. അഞ്ചര മണിക്കൂറിൽ കൂടുതൽ ജോലി സമയം ഉണ്ടാകരുതെന്ന് കർശന നിർദേശമുണ്ട്. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് രണ്ട് മണിക്കൂർ ഇളവ് നൽകണമെന്നും വ്യവസ്ഥയുണ്ട്. സർക്കാ‌ർ ഉദ്യോഗസ്ഥർക്ക് ആഴ്‌ചയിൽ മൂന്ന് ദിവസത്തെ അവധിയും ലഭിക്കും. ഇമിഗ്രേഷൻ ഓഫീസുകൾ രാവിലെ ഒൻപതുമുതൽ വൈകിട്ട് അഞ്ചുമണിവരെയായിരിക്കും പ്രവർത്തിക്കുക.

സ്‌കൂളുകളുടെ പ്രവർത്തിസമയം

നാലോ അഞ്ചോ മണിക്കൂറിൽ കൂടുതൽ സ്‌കൂളുകൾ പ്രവൃത്തിക്കരുതെന്ന് യുഎഇ സർക്കാർ നിർദേശിച്ചു. വെള്ളിയാഴ്‌ചകളിൽ മൂന്ന് മണിക്കൂർ മാത്രമായിരിക്കും പ്രവർത്തിസമയം.

അനധികൃത വിലവർദ്ധന

സാധനങ്ങൾക്ക് അനധികൃതമായി വില വർദ്ധിക്കുന്നില്ലെന്ന് യുഎഇ സർക്കാർ ഉറപ്പുവരുത്തും. ഇതിനായി നാഷണൽ ടാസ്‌ക് ഫോഴ്‌സിനെ നിയമിക്കും. പ്രാഥമിക ഉത്പന്നങ്ങൾക്ക് കച്ചവ‌ടക്കാർ വില കൂട്ടുന്നുണ്ടോയെന്ന് നിരീക്ഷിക്കും. വിപണിയിലെ ഒൻപത് ഉത്പന്നങ്ങൾക്ക് വില വർദ്ധിക്കുന്നത് തടയും. പാചക എണ്ണ, മുട്ട, പാലുത്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, റൊട്ടി, പയർവർഗങ്ങൾ, ഗോതമ്പ് എന്നിവയ്ക്ക് റംസാൻ മാസത്തിൽ വില വർദ്ധനവ് വരുത്താൻ പാടില്ലെന്ന് കർശന നിർദേശമുണ്ട്.

പതിനായിരം ഉത്പന്നങ്ങൾക്ക് വിലക്കുറവും സർക്കാർ ഏർപ്പെടുത്തി. ഇവയിൽ 80 ശതമാനവും അവശ്യ ഭക്ഷ്യവസ്തുക്കളാണ്. പാചക എണ്ണ, മാവ്, അരി എന്നിവയ്ക്ക് 75 ശതമാനംവരെ വിലക്കുറവ് ഏർപ്പെടുത്തിയിട്ടുണ്ട്. നോമ്പ് മുറിക്കുന്നതിനുള്ള പ്രധാന ഭക്ഷണങ്ങളിൽ ഒന്നായ ഇന്തപ്പഴത്തിന് 40 ശതമാനംവരെ ഇളവ് വരുത്തിയിട്ടുണ്ട്.