
പത്തനംതിട്ട: നിയമവിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ പ്രതിയായ ഡി വൈ എഫ് ഐ നേതാവ് ജയ്സൺ ജോസഫ് കീഴടങ്ങി.കേസിലെ ഒന്നാം പ്രതിയായ ഇയാളെ അറസ്റ്റ് ചെയ്യാത്തതിൽ വിമർശനം ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസിൽ കീഴടങ്ങിയത്.
സി പി എം പെരുനാട് ഏരിയ കമ്മിറ്റിയംഗമായ ജയ്സണിന്റെ ജാമ്യാപേക്ഷ നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. കൂടാതെ ലോ കോളേജിൽ നിന്ന് പുറത്താക്കുകയും ചെയ്‌തിരുന്നു. നാടകീയ സംഭവങ്ങൾക്കൊടുവിലാണ് കോളേജ് മാനേജ്മെന്റ് ജയ്സണെ പുറത്താക്കിയത്.
പരാതിക്കാരിയായ വിദ്യാർത്ഥിനിയുടെ സംരക്ഷണം കണക്കിലെടുത്ത് ജയ്സണെ ഉടനടി കോളേജിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രിൻസിപ്പൽ ഇൻ ചാർജ്ജിനെ യൂത്ത് കോൺഗ്രസുകാർ പൂട്ടിയിട്ടിരുന്നു.
ഡിസംബർ 20നാണ് കോളേജിൽ സംഘമുണ്ടായത്. വിദ്യാർത്ഥിനിയെ ജയ്‌സൺ മർദ്ദിച്ചെന്ന പരാതിയിൽ പൊലീസ് ആദ്യം കേസെടുത്തിരുന്നില്ല. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെയാണ് പൊലീസ് എഫ്ഐആർ ഇട്ടത്.