
ജക്കാർത്ത: പൈലറ്റും കോപൈലറ്റും ഉറങ്ങി പോയതിനെ തുടർന്ന് വിമാനം ലാൻഡ് ചെയ്യാൻ മണിക്കൂറുകളോളം വൈകി. തെക്കുകിഴക്കൻ സുലവേസി പ്രവിശ്യയിലെ കെന്ദറിൽ നിന്നും ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലേക്ക് പുറപ്പെട്ട എയർ ബിടികെ 6723 എന്ന വിമാനമാണ് പൈലറ്റുമാരുടെ ഉറക്കത്തെ തുടർന്ന് വൈകിയെത്തിയത്.രണ്ട് മണിക്കൂറും 35 മിനിട്ടുമാണ് വൈകിയത്. ജനുവരി 25ന് നടന്ന സംഭവത്തിന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്.
32കാരനായ പൈലറ്റും 28കാരനായ കോപൈലറ്റും 28 മിനിട്ടോളം ഉറങ്ങിപ്പോയതോടെയാണ് വിമാനത്തിന്റെ ദിശ മാറിയത്. 153 യാത്രികരും നാല് ജീവനക്കാരും സുരക്ഷിതരായിരുന്നുവെന്നും വിമാനത്തിന് യാതൊരു കേടുപാടുകളും ഉണ്ടായിട്ടില്ലെന്നുമാണ് ലഭിക്കുന്ന വിവരം.സംഭവത്തിൽ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി കമ്മിറ്റി (കെഎൻകെടി) അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
കെഎൻകെടിയുടെ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം തനിക്ക് വിശ്രമം വേണമെന്ന് കോപൈലറ്റ് പൈലറ്റിനോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വിമാനം 36,000 അടി ഉയരത്തിൽ എത്തിയപ്പോൾ കോപൈലറ്റ് അരമണിക്കൂറോളം കോക്ക്പിറ്റിനകത്ത് കിടന്നുറങ്ങി. തുടർന്ന് വിമാനം കെന്ദറിലേക്ക് ലാൻഡ് ചെയ്യുന്നതിന് മുൻപ് തന്നെ ഇയാൾ ഉറക്കമെഴുന്നേറ്റു.
വിമാനം കെന്ദറിൽ നിന്നും പുറപ്പെട്ടപ്പോൾ തനിക്ക് അല്പസമയം വിശ്രമിക്കണമെന്ന് പൈലറ്റ് കോപൈലറ്റിനോട് പറഞ്ഞു. ഇതോടെ വിമാനത്തിന്റെ നിയന്ത്രണം കോപൈലറ്റ് ഏറ്റെടുത്തു. അല്പസമയം കഴിഞ്ഞ് ഉറക്കമെഴുന്നേറ്റ പൈലറ്റ് കോപൈലറ്റിനോട് വിശ്രമിക്കാൻ ആവശ്യപ്പെട്ടെങ്കിലും വേണ്ടന്നായിരുന്നു മറുപടി. ഇതോടെ വീണ്ടും പൈലറ്റ് ഉറക്കമാരംഭിച്ചു. പക്ഷേ, അല്പം കഴിഞ്ഞപ്പോൾ കോപൈലറ്റും ഉറക്കം പിടിച്ചു.
പൈലറ്റുമാരിൽ നിന്ന് വിവരങ്ങൾ ഒന്നും ലഭിക്കാത്തതിനെ തുടർന്ന് ജക്കാർത്ത ഏരിയ കൺട്രോൾ സെന്ററിലെ (എസിസി) ഉദ്യോഗസ്ഥർ ഇരുവരെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ 28 മിനിട്ടിന് ശേഷമാണ് പൈലറ്റ് ഉറക്കമെഴുന്നേറ്റത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിമാനം തെറ്റായ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് മനസിലാക്കിയത്. ശേഷം സിഗ്നലുകളുടെ സഹായത്തോടെയാണ് വിമാനം കൃത്യമായി ജക്കാർത്തയിൽ എത്തിക്കുകായിരിന്നു.
ഇതോടെ അധികൃതർ ഇരുവരോടും കാരണം അന്വേഷിച്ചിരുന്നു. താൻ ഒരു മാസം പ്രായമുളള ഇരട്ടക്കുട്ടികളുടെ പിതാവാണെന്നും അവരെ നോക്കുന്നതിന് ഭാര്യയെ സഹായിച്ചിരുന്നു. അതുകൊണ്ടാണ് ഉറങ്ങി പോയതെന്ന് കോപൈലറ്റ് മറുപടി പറഞ്ഞതായാണ് റിപ്പോർട്ട്.