
സ്ത്രീകളോടുള്ള അക്രമങ്ങൾ മാദ്ധ്യമങ്ങളിൽ പതിവു വാർത്തയാണ്. മാദ്ധ്യമ ശ്രദ്ധ നേടുന്ന സംഭവങ്ങൾ കടലിൽ പൊങ്ങിക്കിടക്കുന്ന മഞ്ഞുമല പോലെയാണ്. ചെറിയൊരു അംശം മാത്രമേ പുറത്തു കാണുന്നുള്ളു. സ്ത്രീകൾ വളരെയേറെ ശ്രദ്ധിച്ചും സൂക്ഷിച്ചും നീങ്ങേണ്ട ഒരു സമൂഹമാണ് ഇന്നുള്ളത്. വഴുവഴുപ്പുള്ള ഒരു സ്ഥലത്തുകൂടെ നടക്കുമ്പോൾ നമ്മൾ ജാഗ്രതയുള്ളവരായിരിക്കും. വീഴാതിരിക്കാൻ ശ്രദ്ധിക്കും എങ്കിലും ചിലപ്പോൾ വീണുപോയെന്നിരിക്കാം. അങ്ങനെ സംഭവിച്ചുപോയാൽ വീണിടത്തുതന്നെ കിടക്കാതെ എഴുന്നേൽക്കണം, മുന്നോട്ടു നടക്കണം. അതുപോലെ പ്രതിസന്ധികളിൽ തളരാതിരിക്കാനുള്ള കരുത്ത് കുഞ്ഞുനാൾ  മുതൽ ഓരോ പെൺകുട്ടിയും നേടിയിരിക്കണം.
സ്ത്രീകൾക്കെതിരെ അക്രമങ്ങൾ വർദ്ധിക്കുന്നതിന് കാരണങ്ങൾ പലതാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ചെറുപ്പത്തിൽ ലഭിക്കുന്ന ശിക്ഷണത്തിന്റെ കുറവാണ് ഒന്നാമത്തേത്. ഇതുകാരണം കുട്ടികളിൽ മൂല്യബോധം കുറഞ്ഞുവരുന്നു. മാത്രമല്ല, ഇക്കാലത്ത് മാതാപിതാക്കൾക്ക് മക്കളെ വേണ്ടവിധം ശ്രദ്ധിക്കാൻ സമയമില്ല. മക്കൾ വഴിതെറ്റുമ്പോൾ യഥാസമയം അവർ തിരിച്ചറിയുന്നില്ല, തിരുത്താൻ കഴിയുന്നില്ല. ഇന്നത്തെ സമൂഹം ഒരു സൂപ്പർമാർക്കറ്റ് പോലെയാണ്. എല്ലാം തുറന്നിട്ടിരിക്കുന്നു. തെറ്റും ശരിയും പറഞ്ഞുകൊടുക്കാൻ ആളില്ല. ഇന്റർനെറ്റ്, സിനിമ, കൂട്ടുകെട്ടുകൾ.... എല്ലാം തെറ്റിനു പ്രേരിപ്പിക്കുന്നു. കുട്ടികൾ മൊബൈലും ഇന്റർനെറ്റും ഉപയോഗിക്കുമ്പോൾ ചില നിയന്ത്രണങ്ങളും മാർഗനിർദ്ദേശങ്ങളും രക്ഷിതാക്കൾ നൽകേണ്ടതുണ്ട്.
അമിത സ്വാതന്ത്ര്യം പോലെ അമിത നിയന്ത്രണവും ഒഴിവാക്കണം. ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ മാതാപിതാക്കളോടും സഹോദരങ്ങളോടുമെന്നതു പോലെയുള്ള സ്വഭാവികമായ പെരുമാറ്റമാണ് ആവശ്യം. സ്ത്രീകളെ കേവലം വിനോദോപാധിയായി ചിത്രീകരിക്കുന്നതും സ്ത്രീകൾക്കെതിരെയുള്ള അക്രമ വാർത്തകൾ പൊലിപ്പിച്ച് പ്രസിദ്ധീകരിക്കുന്നതും അത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പ്രേരകമാകാമെന്നതിനാൽ മാദ്ധ്യമങ്ങൾ നിയന്ത്രണം പാലിക്കേണ്ടതുണ്ട്. ഇന്നത്തെ കുട്ടികൾക്ക് എല്ലാത്തിനെക്കുറിച്ചും അറിവുണ്ട്. ഈ അറിവുകാരണം എഴെട്ടു വയസ്സാകുന്നതിനു മുൻപുതന്നെ അവർ എതിർ ലിംഗത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങുന്നു. ഈ ചിന്ത അവരുടെ ഹോർമോൺ ഉത്പാദനം വേഗത്തിലാക്കുന്നു. ശരീരത്തിൽ വികാരങ്ങൾ നിറയുന്നു. എന്നാൽ വേണ്ടത്ര വിവേകം വളർന്നിട്ടുമില്ല. അപ്പോൾ പ്രശ്നങ്ങൾ കൂടുന്നു. മുതിർന്നവരും വയസ്സന്മാരും പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് ഇപ്പറഞ്ഞതിന് അർത്ഥമില്ല.ഇപ്പോഴത്തെ ഭക്ഷണരീതി. മാംസ ഭക്ഷണം, ഫാസ്റ്റ് ഫുഡ്, രാസവസ്തുക്കളും കീടനാശിനികളും ചേർന്ന ഭക്ഷണം ഇതൊക്കെ മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നു. ഈ ഭക്ഷണരീതി അക്രമങ്ങൾക്ക് ഒരു കാരണം തന്നെയാണ്. മദ്യപാനവും മയക്കുമരുന്നിന്റെ ഉപയോഗവും സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വർദ്ധിക്കാൻ മറ്റൊരു കാരണമാണ്. കോടതി വഴിയുള്ള ശിക്ഷകൾ ഒരു ചെറിയ ശതമാനം കുറ്റവാളികൾക്കേ കിട്ടാറുള്ളൂ. കോടതിയുടെ ശിക്ഷയേക്കാൾ ശക്തി, സമൂഹത്തിൽ നിന്ന് ഉണ്ടാവേണ്ട ഒറ്റപ്പെടുത്തലിനാണ്. സ്ത്രീകൾക്കെതിരെ അക്രമം കാട്ടുന്നവരെ മറ്റുള്ളവർ അവജ്ഞയോടെ വീക്ഷിക്കുന്ന സാഹചര്യം വന്നാൽ കുറ്റകൃത്യങ്ങൾ കുറയും. സ്ത്രീകളെ അപമാനിക്കുന്നവർക്കെതിരെയുള്ള സന്നദ്ധസംഘങ്ങൾ കലാലയങ്ങളിലും ഓഫീസുകളിലും പൊതുസമൂഹത്തിലും ഉണ്ടാവണം. മാതാപിതാക്കളും മാദ്ധ്യമങ്ങളും സർക്കാരും മുഴുവൻ സമൂഹവും ജാഗരൂകമായാൽ ഇത്തരം അക്രമങ്ങൾ തീർച്ചയായും കുറയും.