supreme-court

ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ട് കേസിൽ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി. എസ് ബി ഐയ്ക്ക് ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. കോടതി ആവശ്യപ്പെട്ടാൽ രേഖകൾ നൽകേണ്ട ബാദ്ധ്യത ബാങ്കിനുണ്ട്. ഇലക്ട്രൽ ബോണ്ട് റദ്ദാക്കിക്കൊണ്ട് വിധി വന്നതിന് ശേഷമുള്ള 26 ദിവസം ബാങ്ക് എന്ത് ചെയ്യുകയായിരുന്നുവെന്നും കോടതി ചോദിച്ചു.

തിരഞ്ഞെടുപ്പ് ബോണ്ട് മുഖേന രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയവരുടെ വിവരങ്ങൾ കൈമാറാൻ ജൂൺ 30 വരെ സാവകാശം ആവശ്യപ്പെട്ട് എസ് ബി ഐ സമർപ്പിച്ച ഹർജി പരിഗണിക്കവേയായിരുന്നു സുപ്രീം കോടതിയുടെ വിമർശനം. ഹ‌‌ർജി തള്ളിയ കോടതി വിവരങ്ങൾ നാളെ വിവരങ്ങൾ കൈമാറണമെന്നും നിർദേശിച്ചു.ഫെബ്രുവരി 15ന് വിധി പുറപ്പെടുവിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അതേ ബെഞ്ചാണ് ഇന്നും ഹർജി പരിഗണിച്ചത്.


സാങ്കേതികത്വമല്ല, ഉത്തരവ് അനുസരിക്കുകയാണ് വേണ്ടത്. ബാങ്കിന്റെ ഭാഗത്തുനിന്ന് ആത്മാർത്ഥത പ്രതീക്ഷിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷൻ വാദത്തിനിടെ നൽകിയ മുദ്രവച്ച കവർ കോടതി തുറന്നുപരിശോധിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാർട്ടികൾ നൽകിയ വിവരങ്ങൾ പരസ്യപ്പെടുത്തുമെന്നും കോടതി അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് രാജ്യം കാത്തിരിക്കുന്ന ഈ വേളയിൽ സുപ്രീംകോടതി നിലപാട് നിർണായകമാണ്.