home

ഏറെ നാളത്തെ അധ്വാനത്തിനും സ്വരുക്കൂട്ടലുകൾക്കും ശേഷമായിരിക്കും പലരും തങ്ങളുടെ സ്വ‌പ്‌നവീട് പണിയുന്നത്. എന്നാൽ വീട്ടിൽ താമസിച്ചുതുടങ്ങുമ്പോൾ കഷ്ടപ്പാടും ദുരിതവും ആണെങ്കിലോ? വീട് പണിയുമ്പോൾ മറ്റ് പല കാര്യങ്ങളും ശ്രദ്ധിക്കുന്നതുപോലെ തന്നെ പ്രാധാന്യം കൊടുക്കേണ്ട ഒന്നാണ് വാസ്‌തു. വീട്ടിനുള്ളിലും പരിസരത്തും ഓരോ ക്രമീകരണങ്ങൾ നടത്തുന്നതെങ്ങനെയെന്ന് വാസ്‌തുശാസ്ത്രത്തിൽ നിഷ്‌‌കർഷിക്കുന്നുണ്ട്.

വീട്ടിലെ ദുരിതങ്ങൾ അകറ്റി ഐശ്വര്യവും സമൃദ്ധിയും ലഭിക്കാനുള്ള വഴി വാസ്‌തുശാസ്ത്രത്തിൽ പറയുന്നുണ്ട്. വീട്ടിലെ പ്രധാന ദിശകളിൽ ഒന്നാണ് വടക്ക്- കിഴക്കേ മൂല. പ്രധാനമായും എട്ട് ദിശകളാണ് വീടിനുള്ളത്. ഇതിൽ വളരെയധികം പ്രാധാന്യമുള്ള ദിശയാണ് വടക്ക്- കിഴക്ക് മൂല. വീട്ടിൽ എല്ലാ നന്മകളും കൊണ്ടുവരുന്നതാണ് ഈശാനുകോൺ എന്നറിയപ്പെടുന്ന വടക്ക്-കിഴക്ക് ദിക്ക്.

വീട്ടിലേയ്ക്കുള്ള ഊർജം എത്തുന്നത് വടക്ക്- കിഴക്ക് ദിശയിലൂടെയാണ്. ഈ ദിക്കിലൂടെ വീട്ടിലേയ്ക്ക് സൂര്യരശ്‌മികൾ കടക്കുന്നതിന് തടസമുണ്ടാകാൻ പാടില്ല. ഈ ദിക്കിൽ വലിയ ഉയരമുള്ള കെട്ടിടങ്ങളോ വൃക്ഷങ്ങളോ മതിലോ വാട്ടർ ടാങ്കോ ഉണ്ടാകാൻ പാടില്ല. ഈ ദിക്കിന് മറവ് വന്നാൽ വീട്ടിലുള്ളവർക്ക് രോഗങ്ങളും ദുരിതങ്ങളും ഒഴിയില്ല.

ഈ ദിക്ക് വളരെ വൃത്തിയായി തന്നെ സൂക്ഷിക്കണം. കൂടാതെ കന്നിമൂലയേക്കാൾ താഴ്‌ചയിലായിരിക്കണം ഈശാനുകോൺ. കന്നിമൂലയേക്കാൾ വടക്ക്- കിഴക്കേ മൂല ഉയർന്നുനിൽക്കുകയാണെങ്കിൽ ദാരിദ്ര്യവും കഷ്ടപ്പാടും ഒഴിഞ്ഞുപോകില്ല. മാത്രമല്ല ടോയ്‌ലറ്റ്, സെപ്‌റ്റിക് ടാങ്ക്, വേസ്റ്റ് കുഴി, പട്ടിക്കൂട്, കോഴിക്കൂട്, മലിനജലം എന്നിവ ഈ ദിക്കിൽ വരാൻ പാടില്ല.

ഈ ദിക്കിലൂടെയാണ് വീട്ടിലേയ്ക്ക് വഴിയെങ്കിൽ സർവഐശ്വര്യവും സമ്പത്തും വന്നുചേരും. വീട്ടിൽ എല്ലാ സമൃദ്ധിയും വരാൻ ഈ ഒരൊറ്റ കാര്യം ചെയ്താൽ മതി. ഈ ദിക്കിൽ പഠനമുറി നിർമിച്ചാൽ വിദ്യാർത്ഥികൾക്കും തൊഴിലിനായി ശ്രമിക്കുന്നവർക്കും വലിയ ഉയർച്ചയും നേട്ടങ്ങളും ഉണ്ടാവും.