
സമീപകാലത്ത് നടത്തിയ ഒരു യാത്രയിൽഉണ്ടായ അപൂർവ്വാനുഭവം വിശദീകരിക്കുകയാണ് കവടിയാർ കൊട്ടാരത്തിലെ സി.ആർ.ആർ വർമ്മ
----------------------------------------------
സ്ലോവേനിയയുടെ തലസ്ഥാനമായ ലുബ്ലിയാനയിൽ നിന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് യാത്ര തിരിക്കുകയാണ്. അതിനായി വിമാനത്താവളത്തിൽ നിൽക്കുകയാണ് ഞങ്ങൾ. ഞാനും ഭാര്യ (പ്രിൻസസ്) പൂയം തിരുനാൾ ഗൗരി പാർവതി ഭായിയും. പരിശോധനകൾക്കു ശേഷം വിമാനത്തിൽ കയറേണ്ട സമയമായി. വിമാനത്തിന്റെ ചെറിയ ബിൽറ്റ്-ഇൻ സ്റ്റെപ്പ് ഗോവണിയിൽ കയറേണ്ടതിനാൽ വീൽചെയർ ലിഫ്റ്റ് ഉപയോഗിക്കുന്നതാവും നല്ലതെന്ന് ഗേറ്റ് സ്റ്റാഫ് ഞങ്ങളോട് പറഞ്ഞു. ഞങ്ങൾ സമ്മതിക്കുന്നതിന് മുമ്പുതന്നെ അവർ ഞങ്ങളെ ചെയർ ലിഫ്റ്റ് ട്രക്കിൽ കയറ്റി. വി.വി.ഐപികളെപ്പോലെ മറ്റ് ഗ്രൗണ്ട് വാഹനങ്ങൾ നിർത്തി ഞങ്ങളെ അവർ വിമാനത്തിലേക്ക് കൊണ്ടുപോയി.
മറ്റു യാത്രക്കാർ കയറിയ ശേഷം ഒരു ബസ് 4 യാത്രക്കാരുമായി വന്നു. സ്യൂട്ടുകൾ ധരിച്ച മുതിർന്ന രണ്ടു സ്ത്രീകളും പുരുഷനും, ഒരു യുവാവും. എയർപോർട്ടിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനും ബസിൽ ഉണ്ടായിരുന്നു. പ്രത്യേക ബസിൽ വന്നതിനാൽ അവർ ഏതെങ്കിലും എയർലൈനിന്റെ ഫ്ലൈറ്റ് ക്രൂ ആയിരിക്കാമെന്ന് എന്റെ ഭാര്യ എന്നോട് പറഞ്ഞു. അവരുടെ ഒരു ക്യാരി ബാഗിൽ പോർച്ചുഗൽ എന്ന് എഴുതിയ ഒരു ടാഗ് ഉണ്ടായിരുന്നു. ഞങ്ങളുടെ അടുത്ത സീറ്റിലാണ് അവർ ഇരുന്നത്. പോർച്ചുഗീസ് എയർലൈനിലെ ജീവനക്കാരാണോ എന്ന് ഞാൻ അവരോട് ചോദിച്ചു. ചോദ്യം കേട്ട് അവർ ഞെട്ടി. അല്ല എന്ന് അവർ പറഞ്ഞു. അവരിൽ ഒരാൾ പറഞ്ഞു ഞങ്ങളുടെ അടുത്ത ഫ്ലൈറ്റ് പോർച്ചുഗീസ് എയർലൈനിലാണ്.
ഞാനും എന്റെ ഭാര്യയും ഒരുപാട് യാത്ര ചെയ്യാറുണ്ടെന്നും 6 വർഷം മുമ്പ് ഞാൻ ഇവിടെ യുണ്ടായിരുന്നപ്പോൾ ഇവിടം ഇഷ്ടപ്പെട്ടുവെന്നും അവരോട് പറഞ്ഞു. ആ സ്ത്രീ പറഞ്ഞു, ഞങ്ങളും ഒരുപാട് യാത്ര ചെയ്യാറുണ്ട്. എന്നിട്ട് അവരെന്നോട് പറഞ്ഞു. ഞാൻ ഒരു രഹസ്യം പറയാം. ഞാൻ സ്ലോവേനിയയുടെ പ്രസിഡന്റാണ്. ഞങ്ങൾക്കത് വിശ്വസിക്കാനായില്ല. ഞാനും ഭാര്യയും "ഞങ്ങൾ സ്ലൊവേനിയയെ സ്നേഹിക്കുന്നു" എന്ന് ഒരേ സ്വരത്തിൽ പറഞ്ഞു. ഫ്രാങ്ക്ഫർട്ടിൽ വിമാനമിറങ്ങി ഹിൽട്ടൺ ഗാർഡൻ ഇന്നിൽ ചെക്ക് ഇൻ ചെയ്ത ശേഷം ഞാൻ ഗൂഗിൾ ചെയ്തു. അതെ അവർ ശരിക്കും സ്ലോവേനിയയുടെ പ്രസിഡന്റാണ്! നടാഷ പിർച്ച് മ്യുസാർ, 2022 ഡിസംബർ 22 മുതൽ സ്ലോവേനിയയുടെ പ്രസിഡന്റാണ് അവർ.

ഈ യൂറോപ്യൻ നേതാക്കളെല്ലാം എത്ര സാധാരണക്കാരും സൗഹൃദ മനോഭാവം ഉള്ളവരുമാണ്. ഒരു രാജ്യത്തിന്റെ പ്രസിഡന്റാണ് ഒരു സുരക്ഷയുമില്ലാതെ വിമാനത്തിൽ സാധാരണക്കാർക്കൊപ്പം യാത്ര ചെയ്യുന്നത്. ഈ രാജ്യങ്ങൾ ഒരുപക്ഷെ ചെറിയ രാജ്യങ്ങളാവാം. അമേരിക്കൻ പ്രസിഡന്റിനുള്ള സുരക്ഷാ ഭീഷണി ഇവർക്ക് ഉണ്ടാകണമെന്നുമില്ല. അതുകൊണ്ട് ഇവർക്ക് സമാധാനമായി സ്വന്തം ജനങ്ങൾക്കൊപ്പം സ്വതന്ത്രമായി സഞ്ചരിക്കാനും ഇടപഴകാനും സാധിക്കുന്നു.