d

.

നമ്മുടെ ജീവവാഹിനികളായ നദികളിൽ മാലിന്യംകൊണ്ട് വിഷം കലക്കുന്നത് ആര്?​ അതു നമ്മൾ തന്നെയാണ് എന്ന തിരിച്ചറിവാണ് ആദ്യം ഉണ്ടാകേണ്ടത്. അപ്പോൾ നദികൾക്ക് നാഥനുണ്ടാകും!

ലോകത്തെവിടെയും നദികൾ ആ നാടിന്റെ സംസ്കാരത്തിന്റെ ഭാഗം കൂടിയാണ്. ജനസംസ്കാരങ്ങൾ രൂപപ്പെട്ടതുതന്നെ നജീതടങ്ങളിലാണ്. കേരളത്തിനാകട്ടെ,​ നമ്മുടെ സംസ്കാരത്തിന്റെ മാത്രമല്ല,​ നിത്യജീവിതത്തിന്റെ ഭാഗമായ ജലവാഹിനികളാണ് പുഴകൾ. ശുദ്ധജലം ഒഴുകുന്ന നദികളാൽ സമ്പന്നമായ കേരളം ലോകത്തെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഒന്നുകൂടിയാണ്!

പക്ഷേ,​ കേരളത്തിലെ നദികൾ- പ്രത്യേകിച്ച് വേനലിൽ വ്യാവസായിക, ഗാർഹിക മാലിന്യങ്ങളും അറവുശാലാ മാലിന്യങ്ങളും പ്ലാസ്റ്റിക് അടക്കമുള്ള നഗര - ഗ്രാമ ഖരമലിന്യങ്ങൾ, കൃഷിസ്ഥലത്ത് ഉപയോഗിക്കുന്ന കീടനാശിനികൾ, വളം എന്നിവയുടെയെല്ലാം അതിപ്രസരത്താൽ വിഷവാഹിനികളായി മാറും. വെള്ളം നിറംമാറി ഒഴുകും. മത്സ്യങ്ങളും മറ്റ് ജലജീവികളും ചത്തുപൊങ്ങും. പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിക്കുന്ന സംസ്ഥാനത്തെ നദികൾ കടലിലും കായലിലുമായി ഒഴുകിച്ചേരുന്നവ ആയതിനാൽ വേലിയേറ്റം കാരണം പുഴകളിലേക്ക് ഉപ്പുവെള്ളം കയറുമെന്ന ഭീഷണിയുമുണ്ട്.

നീരൊഴുക്കല്ല,

നദികൾ

സംസ്ഥാനത്തിന്റെ പച്ചപ്പ്‌, കൃഷി, ജലവൈദ്യുത പദ്ധതികൾ, വനങ്ങൾ, കാലാവസ്ഥ, വന്യ ജീവികൾ, കുടിവെള്ളം, കിണർ റീചാർജിങ്, ഉത്ഭവം മുതൽ പതനം വരെയുള്ള ധാതുനീക്കവും വിതരണവും, കായൽ നിലനിൽപ്പ് തുടങ്ങി ഒട്ടനവധി ധർമ്മങ്ങളാണ് നദികൾ നിർവഹിക്കുന്നത്. നദീജലം വെറുതെ ഒഴുകി കടലിൽ ചേരുകയല്ല; മറിച്ച് പ്രകൃതിയിലെ ഒട്ടനവധി പരിസ്ഥിതിബന്ധിത സേവനങ്ങൾ നിർവഹിച്ചുകൊണ്ടാണ് ഒഴുകുന്നത്. അത് നമ്മുടെ നിലനിൽപ്പിന് അത്യാവശ്യവുമാണ്.

മലിനീകരണത്തെക്കുറിച്ചുള്ള പഠനങ്ങളിൽ,​ മുവാറ്റുപുഴ ആറിന്റെ പിറവം നഗരസഭാ പ്രദേശത്ത്‌ പ്ലാസ്റ്റിക് കുപ്പികൾ, ബിയർ കുപ്പികൾ, ഉപയോഗിച്ച ഡയപ്പറുകൾ, അറവുശാലാ അവശിഷ്ടങ്ങൾ നിറഞ്ഞ ചാക്കുകൾ എന്നിവ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നത് നദിയെ,​ പ്രത്യേകിച്ച് പിറവം ഭാഗത്തെ മലിനമാക്കുന്നു എന്ന് സംസ്ഥാന ജലവിഭവ വകുപ്പു തന്നെ പറയുന്നു. മിക്ക വ്യവസായങ്ങളും ജനസാന്ദ്രതയുള്ള നദീതീരത്തോടു ചേർന്നാണ്. പലപ്പോഴും നഗരങ്ങൾക്കും പട്ടണങ്ങൾക്കും സമീപം.

വിഷവാഹിനികൾ

ഉണ്ടാകുന്നത്

കേരളത്തിൽ പമ്പാ നദിയുടെ വർദ്ധിച്ചുവരുന്ന മലിനീകരണ നിരക്കിനു പ്രധാന കാരണം മനുഷ്യ മാലിന്യമാണ്.

ഡിറ്റർജന്റുകളിൽ നിന്നുള്ള ഫോസ്ഫറസ് നിക്ഷേപം പ്രതിവർഷം ഹെക്ടറിന് 5.6 കിലോഗ്രാം വരെയാണ്. തീർത്ഥാടകർ ശരീര ശുചീകരണത്തിനും വസ്ത്രങ്ങൾ കഴുകാനും മറ്റും നദി ഉപയോഗിക്കുന്നു. മൂന്നു മാസത്തെ തീർത്ഥാടന സീസണിൽ പമ്പാ നദിയിലെ ജലത്തെ ബാക്ടീരിയയും ധാരാളം വിപരീത പോഷകങ്ങളും പ്രതീകൂലമായി സ്വാധീനിക്കുന്നു. നദീജലത്തിന്റെ ഗുണനിലവാരം കുറയുന്നു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പമ്പാ നദിയിലെ ജലത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് നടത്തിയ വിശകലനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ഏലൂരിൽ കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയായ പെരിയാറിന്റെ തീരത്ത് നിരവധി വ്യവസായ പ്ലാന്റുകൾ സ്ഥിതിചെയ്യുന്നു. നഗരവാസികളും ശാസ്ത്രീയ പഠനങ്ങളും പറയുന്നത്, ജീവിക്കാൻ പറ്റാത്ത വിധം അവ ആ പ്രദേശത്തെ മലിനമാക്കുന്നുവെന്നാണ്. നദിയിലെ വെള്ളം ഇരുണ്ടതായി മാറിയിരിക്കുന്നു. വ്യവസായശാലകൾ പെരിയാറിൽ നിന്ന് വലിയ അളവിൽ ശുദ്ധജലം എടുക്കുകയും ഏതാണ്ട് യാതൊരു സംസ്കരണവുമില്ലാതെ മലിനജലം പുറന്തള്ളുകയും ചെയ്യുന്നു!

സംസ്കരിക്കാത്ത ഗാർഹിക, വ്യാവസായിക മാലിന്യങ്ങൾ, കാർഷിക മാലിന്യങ്ങൾ എന്നിവയുടെ ഒഴുക്കു കാരണം കേരളത്തിലെ 43 നദികളും വളരെ മലിനമായിരിക്കുന്നു. കിഴക്കോട്ടോഴുകുന്ന കബനീ നദി മാത്രമാണ് കേരളത്തിൽ മലിനീകരണം കുറഞ്ഞ നദി. സംസ്ഥാനത്തെ വ്യവസായശാലകളിലും നഗരസഭകളിലും കാര്യക്ഷമമായ ജലശുദ്ധീകരണ സംവിധാനങ്ങളില്ല. മലിനീകരണ തോത് പലപ്പോഴും അനുവദനീയമായ പരിധിക്കു മുകളിലാണ്. വിഷം നിറഞ്ഞ നദിയെന്നാൽ,​ മരിക്കുന്ന ജനത എന്നാണ് പറയുക.

തെളിനീരിന്റെ

തണുപ്പ് കാത്ത്

നദികളിലെയും നീർത്തടങ്ങളിലെയും മണൽ ഖനനം നദികളെ കൊല്ലുന്നു. ഇത്തരം പ്രവർത്തനങ്ങൾ തീരത്തെ മണ്ണൊലിപ്പിനും ജലവിതാനം താഴുന്നതിനും നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകുന്നു. നദീതീര കൈയേറ്റങ്ങൾ സർവസീമകളും ലംഘിച്ച് നടന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ചില നീർത്തടങ്ങളിൽ ഭൂഗർഭ ജലനിരപ്പ് ഒരു മീറ്ററോളം താഴ്ന്നു. മഴയില്ലാത്ത മാസങ്ങളിൽ നദീതീരങ്ങളിൽ നടത്തുന്ന കാർഷികവൃത്തികളും തീരത്തെ മണ്ണൊലിപ്പിനും അവശിഷ്ടത്തിനും കാരണമാകുന്നു. ഇതെല്ലാം നദികളിലെ വെള്ളം നാശമാകുവാൻ ഇടവരുത്തുന്നു.

സംസ്ഥാനത്തെ ഒട്ടുമിക്ക നദികളുടെയും സ്ഥിതി വിഭിന്നമല്ല. കേരള സർക്കാരിന്റെ ജലവിഭവ വകുപ്പ്, വൈദ്യുതി വകുപ്പ്, കൃഷി, വ്യവസായം, റവന്യു, ഡാം സേഫ്റ്റി, മലിനീകരണ നിയന്ത്രണം, ഉൾനാടൻ ഗതാഗതം, വനം, തുടങ്ങി ഒട്ടനവധി വകുപ്പുകൾ നദികളുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളവയാണ്. എന്നാൽ ഒരു വകുപ്പും നദീസംരക്ഷണത്തിന്റെ ചുമതല ഏറ്റെടുത്തിട്ടില്ല! മഴ മാറിയാൽ വറ്റിപ്പോകുന്ന ഇരുപത്തിലധികം നദികളാണ് നമുക്കുള്ളത്. വീതിയുള്ള നദികൾ വേനൽക്കാലത്ത് മെലിഞ്ഞൊഴുകുമ്പോൾ നദീതീര കൈയേറ്റക്കാരും നദിയിലെ മണൽ വാരുന്നവരും തീരം കൈയേറി കൃഷി വ്യാപകമാക്കും. നദികൾക്ക് നാഥനില്ലാത്ത അവസ്ഥ.

സംസ്കാരമുള്ള ഒരു ജനതയും ചെയ്യാത്ത വിധം,​ കേരളത്തിൽ സെപ്റ്റിക് ടാങ്ക് മാലിന്യം പോലും തള്ളുവാൻ നദികൾ ഉപയോഗിക്കുന്നു! വർഷാവർഷം വെള്ളപ്പൊക്കം വരുന്നുണ്ടെങ്കിലും. ഇത്രയേറെ നദികൾ ഉണ്ടായിട്ടും വേനൽക്കാലത്ത് കുടിവെള്ളത്തിനായി നമ്മൾ നെട്ടോട്ടമാണ്. വരൾച്ച വരുമ്പോഴേക്കും പുഴവെള്ളം മലിനമായിക്കാണും. സംസ്ഥാനത്ത് എവിടെ നോക്കിയാലും സർവത്ര വെള്ളം; ഭയപ്പെടാതെ കുടിക്കാനുള്ള വെള്ളത്തിന്റെ ലഭ്യതയാകട്ടെ,​ ഇനിയും അകലെയും. നാല്പത്തിനാല് നദികളുണ്ടായിട്ടും നമ്മുടെ ഗതി ഇങ്ങനെയായി. മാലിന്യമുക്ത നദികൾക്കായി കേരളം ഉണരണം. ഉത്ഭവസ്ഥാനം മുതൽ പതനസ്ഥലം വരെ നദികളെ ഒരു നദീതടമായി കണ്ട് അവയെ സംരക്ഷിക്കാൻ ഇനി വൈകരുത്.

(തേവര സേക്രഡ് ഹാർട്ട് കോളേജ് മുൻ അസോ. പ്രൊഫസറും,​ പീച്ചിയിലെ കേരള വന ഗവേഷണ കേന്ദ്രം മുൻ രജിസ്ട്രാറുമാണ് ലേഖകൻ)​