
കോടതിയിൽ വിധി കൽപ്പിക്കാൻ മാത്രമല്ല നന്നായി നൃത്തം ചെയ്യാനും തനിക്ക് സാധിക്കുമെന്ന് തെളിയിക്കുകയാണ് ഒരു ജില്ലാ ജഡ്‌ജി. കാണികളെ അമ്പരപ്പിച്ച് എസ്.എൻ.ഡി.പി.യോഗം പൊൻകുന്നം ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ നൃത്തവേദിയെ അത്രത്തോളം സമ്പന്നമാക്കുകയായിരുന്നു ജില്ലാ ജഡ്ജ് (സ്‌പെഷ്യൽ ജഡ്ജ് പോക്‌സോ) റോഷൻതോമസ് നിധീരിയും മുപ്പതോളം കലാപ്രതിഭകളും. കൃത്യതയാർന്ന ചുവടുകളുമായി റോഷൻതോമസ് നിധീരി ചുവടുവെച്ചപ്പോൾ നിറുത്താതെയുള്ള കൈയടിയാണ് മുഴങ്ങിയത്.
ശിവരാത്രി ഉത്സവത്തോടനുബന്ധിച്ചായിരുന്നു റോഷൻതോമസ് നിധീരിയുടെ ഭരതനാട്യം അരങ്ങേറിയത്. മൂന്നാം വർഷമാണ് റോഷൻതോമസ് പൊൻകുന്നം ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നൃത്തമാടുന്നത്. പൊൻകുന്നം ഗുരുദേവ നൃത്തവിദ്യാലയത്തിൽ നൃത്താദ്ധ്യാപിക രുഗ്മിണി ലാലിന്റെ ശിക്ഷണത്തിലാണ് പഠനം. 2022ലായിരുന്നു അരങ്ങേറ്റം. അന്ന് കാഞ്ഞിരപ്പള്ളി കോടതിയിൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റായിരുന്നു.
കുറവിലങ്ങാട് നിധീരിക്കൽ ജോണി ജോസ് നിധീരിയാണ് ഭർത്താവ്. ഔദ്യോഗിക ജീവിതത്തിലെ തിരക്കിനിടയിലും കലയോടുള്ള അഭിനിവേശമാണ് റോഷനെ അരങ്ങിലെത്തിക്കുന്നത്. എല്ലാ പിന്തുണയുമായി ഭർത്താവ് ജോണി ജോസ് ഒപ്പമുണ്ട്. ജോസഫ് ജോൺ നിധീരി, തോമസ് ജോൺ നിധീരി എന്നിവരാണ് മക്കൾ.
അതേസമയം, 42ാം വയസിൽ കലോത്സവത്തിൽ പങ്കെടുത്ത് ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ഒരു ബാങ്ക് ജീവനക്കാരി. നീണ്ട ഇടവേളയ്ക്കുശേഷം ചിലങ്ക അണിഞ്ഞതിന്റെ പരിഭ്രമമില്ലാതെ ഭരതനാട്യമാടി ശ്രീദേവി നേടിയത് പൊൻതിളക്കമുള്ള വിജയമാണ്. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റി കലോത്സവത്തിലാണ് ബി.എ മലയാളം വിദ്യാർത്ഥിനിയായ ശ്രീദേവി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
ആലുവ സ്വദേശിയായ ശ്രീദേവി സ്കൂൾ പഠനകാലത്ത് മത്സരങ്ങളിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. വിവാഹവും സഹകരണ ബാങ്കിലെ ജോലിയുമൊക്കെയായി തിരക്കായപ്പോൾ നൃത്തത്തോട് വിടപറയേണ്ടി വന്നു. ഡിഗ്രിക്ക് ചേർന്നതോടെ വീണ്ടും ചിലങ്കയണിഞ്ഞു.
വേദിയിലേക്കുള്ള മടങ്ങിവരവിൽ ഒന്നാം സമ്മാനം ലഭിച്ചതോടെ മുന്നോട്ടുള്ള യാത്രയിൽ കലയ്ക്കും സമയം മാറ്റിവയ്ക്കുമെന്ന ദൃഢനിശ്ചയത്തിലാണ് ശ്രീദേവി. ജി.എസ്.ടി ഉദ്യോഗസ്ഥനായ ഭർത്താവ് ഉണ്ണിയും മക്കളായ കൃഷ്ണപ്രസാദും ദേവനന്ദും ശ്രീദേവിക്ക് പിന്തുണയുമായി ഒപ്പമുണ്ട്.