
പ്രപഞ്ചത്തിലേക്ക് തുറന്നിരിക്കുന്ന മനുഷ്യശരീരത്തിന്റെ ജാലകങ്ങളാണ് കണ്ണുകൾ. വെളിച്ചവും നിറങ്ങളും കാഴ്ചകളുമില്ലാത്ത ഇരുട്ടിന്റെ ലോകത്തെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമുക്ക് മനസിലാക്കാവുന്നതിനപ്പുറമാണ് അന്ധതയുടെ ലോകം. ജന്മനാലുള്ള അന്ധതയും, പിന്നീട് പലവിധ നേത്രരോഗങ്ങൾ മൂലം സംഭവിക്കുന്ന അന്ധതയുമുണ്ട്. തടയാവുന്ന (പ്രിവന്റബിൾ) അന്ധതയ്ക്ക് ഒരു പ്രധാന കാരണമാകുന്നത് ഗ്ളൂക്കോമ എന്ന നേത്രരോഗമാണ്. തിമിരം കഴിഞ്ഞാൽ, ലോകത്ത് അന്ധതയ്ക്കുള്ള രണ്ടാമത്തെ പ്രധാന കാരണമാണ് ഗ്ലൂക്കോമ!
ലോകത്ത് ഉദ്ദേശം 80 ദശലക്ഷം ഗ്ലൂക്കോമ ബാധിതരുള്ളതായാണ് കണക്ക്. നാല്പതിൽ കൂടുതൽ പ്രായമുള്ളവരിൽ, ഇരുന്നൂറ് പേരിൽ ഒരാൾക്കു വീതവും, എൺപതിനു മുകളിലുള്ളവരിൽ എട്ടിലൊരാൾക്കു വീതവും ഗ്ളൂക്കോമ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇത് ലോക ഗ്ളൂക്കോമ വാരമാണ്. ഗ്ലൂക്കോമയെക്കുറിച്ച് പൊതു അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ആഗോള സംരംഭമാണിത്. തുടക്കത്തിലേ കണ്ടെത്തി, വിദഗ്ദ്ധ ചികിത്സ തേടിയാൽ ഗ്ളൂക്കോമ കാരണമുള്ള സ്ഥിരമായ അന്ധത ഒഴിവാക്കാം. അതിന് യഥാസമയമുള്ള സമ്പൂർണ നേത്ര പരിശോധനകൾ വേണം. ആ അവബോധമാണ് ഇപ്പോഴും സാധാരണക്കാർക്കിടയിൽ ഇല്ലാത്തത്!
ആരംഭദശയിൽ ഗ്ളൂക്കോമ ഒരു രോഗലക്ഷണവും പ്രകടമാക്കില്ലെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ടാണ്, ഗ്ളൂക്കോമയെ കാഴ്ചയുടെ നിശ്ശബ്ദ കൊലയാളി (സൈലന്റ് കില്ലർ ഒഫ് സൈറ്റ്) എന്നു വിളിക്കുന്നത്. ഗ്ലൂക്കോമ കാരണം നഷ്ടപ്പെടുന്ന കാഴ്ചശക്തി വീണ്ടെടുക്കുക ദുഷ്കരമാണ്. രോഗനിർണയം എത്രയും നേരത്തേയാകുന്നുവോ, കാഴ്ചശക്തി സംരക്ഷിക്കാനുള്ള അവസരവും അത്രയും കൂടുതലാണ്.
കണ്ണിനുള്ളിലെ
മർദ്ദം
കണ്ണുകൾക്ക് ഗോളാകൃതിയാണ്. നമ്മുടെ കണ്ണിനുള്ളിലെ മർദ്ദമാണ് ഈ ഗോളാകൃതി നിലനിറുത്തുന്നത്. ഈ മർദ്ദത്തെ Intra ovular presure എന്നു പറയും. ചില സാഹചര്യങ്ങളിൽ കണ്ണിനുള്ളിലെ മർദ്ദം ക്രമാതീതമായി കൂടുകയും, അത് കണ്ണിനെ തലച്ചോറുമായി ബന്ധിപ്പിക്കുന്ന നാഡിക്ക് (Optic nerve) ക്ഷതമേല്പിക്കുകയും ചെയ്യും. കണ്ണിനുള്ളിലെ മർദ്ദം കൂടുന്ന അവസ്ഥയെയാണ് ഗ്ലൂക്കോമ എന്നു പറയുന്നത്. തുടക്കത്തിൽ ഈ രോഗം നമ്മുടെ പാർശ്വദൃഷ്ടിയെയാണ് (Peripheral Vision) ബാധിക്കുക. ആ സമയത്ത് നേർക്കാഴ്ച കുറ്റമറ്റതായിരിക്കും. അതുകൊണ്ടാണ് ഗ്ളൂക്കോമ പലരും നേരത്തേ തിരിച്ചറിയാത്തത്. നേത്രനാഡിയുടെ 50 ശതമാനമോ അതിലധികമോ നഷ്ടപ്പെട്ടതിനു ശേഷമായിരിക്കും മിക്കപ്പോഴും കാഴ്ചയ്ക്ക് മങ്ങൽ അനുഭവപ്പെട്ടു തുടങ്ങുന്നത്.
കാഴ്ച മങ്ങൽ ക്രമേണയാണ് സംഭവിക്കുക, നവജാതശിശു മുതൽ ഏതു പ്രായത്തിലും ഗ്ലൂക്കോമ വരാമെങ്കിലും സാധാരണയായി 40 വയസ്സിനു മുകളിലുള്ളവരിലാണ് ഇത് കാണുന്നത്. തലവേദന, കണ്ണിന് കഴപ്പ്, കാഴ്ച മങ്ങൽ (പ്രത്യേകിച്ച് പാർശ്വ കാഴ്ചയ്ക്ക് മങ്ങലുണ്ടാവുക), പ്രകാശത്തിനു ചുറ്റും നിറമുള്ള പ്രഭാവലയം അഥവാ മഴവില്ലു പോലെ തോന്നുക, അടിക്കടി കണ്ണടകളുടെ പവറിൽ മാറ്റം സംഭവിക്കുക ഇവയെല്ലാം ഗ്ലൂക്കോമയുടെ ലക്ഷണമാകാം.
രോഗം തീവ്രാവസ്ഥയിലേക്ക് പരിണമിക്കുമ്പോൾ രോഗിയുടെ ദൈനംദിന ജീവിതത്തിൽ പല ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടു തുടങ്ങും. വായിക്കുവാനും നടക്കുവാനും വാഹനങ്ങൾ ഓടിക്കുവാനും പ്രയാസം വരും. രാത്രികാലങ്ങളിലാണ് കാഴ്ചയ്ക്ക് അധികം കുറവുണ്ടാവുക. ഡ്രൈവ് ചെയ്യുമ്പോൾ വശങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ കാണാൻ സാധിക്കാതെ വരും. ഇതുമൂലം റോഡപകട സാദ്ധ്യത വർദ്ധിക്കുന്നു. കാഴ്ചയുടെ വ്യാപ്തി കുറഞ്ഞ് അവസാനം അത്, ഒരു കുഴലിലൂടെ നോക്കുമ്പോൾ കാണുന്ന കാഴ്ച (tunnel vision) മാത്രമായി ചുരുങ്ങുന്നു.
ആർക്കെല്ലാം
ബാധിക്കാം?
അടുത്ത രക്തബന്ധമുള്ളവർക്ക് ഗ്ളൂക്കോമ ഉണ്ടെങ്കിൽ, നിങ്ങൾ നാല്പതു വയസിനു ശേഷം രണ്ടുവർഷത്തിൽ ഒരിക്കലെങ്കിലും ഗ്ലൂക്കോമ സ്ക്രീനിംഗ് ചെയ്യേണ്ടതാണ്. പ്രമേഹ രോഗികളിൽ ഗ്ലൂക്കോമയുടെ സാദ്ധ്യത രണ്ടു മടങ്ങ് കൂടുതലായിരിക്കും. കട്ടി കണ്ണടകൾ ഉപയോഗിക്കുന്ന വ്യക്തികളിൽ (Myopia അഥവാ ഹ്രസ്വദൃഷ്ടി, Hypermetropia അഥവാ ദീർഘദൃഷ്ടി) ഇവ രണ്ടിലും ഗ്ലൂക്കോമ വരാൻ സാദ്ധ്യത കൂടുതലാണ്. സ്റ്റിറോയ്ഡ് പോലുള്ള ചില മരുന്നുകൾ ദീർഘകാലം ഉപയോഗിക്കേണ്ടിവരുമ്പോഴും മുൻകാലങ്ങളിൽ കണ്ണിന് ക്ഷതമേറ്റിട്ടുണ്ടെങ്കിലും കണ്ണിന് ശസ്ത്രക്രിയകൾ ചെയ്തിട്ടുണ്ടെങ്കിലുമെല്ലാം ഗ്ലൂക്കോമയ്ക്കുള്ള സാദ്ധ്യത കൂടുതലാണ്.
ഗ്ലൂക്കോമ പ്രധാനമായും രണ്ടു തരത്തിലാണ് കണ്ണിലെ മർദ്ദം കൂട്ടുന്നത്. ആദ്യത്തേതാണ് Open Angle Glaucoma. തൊണ്ണൂറു ശതമാനം ഗ്ളൂക്കോമയും ഇതിലുൾപ്പെടും. ഇവിടെ കണ്ണിനുള്ളിലെ ദ്രാവകമായ aqueous humor കണ്ണിനു പുറത്തേക്ക് പോകുന്ന ചാലുകളിലെ പ്രതിരോധം കൂടുന്നു. ഇതുമൂലം ഈ ദ്രാവകം കണ്ണിൽ കെട്ടികിടക്കുകയും ഇത് കണ്ണിലെ മർദ്ദം കൂട്ടുകയും നേത്രനാഡിക്ക് ക്ഷതമേല്പിക്കുകയും ചെയ്യുന്നു.
രണ്ടാമത്തെ വിഭാഗമാണ് Closed Angle Glaucoma. കണ്ണിന്റെ സുതാര്യമായ കോർണിയയുടെയും, തവിട്ടു നിറമുള്ള ഐറിസിന്റെയും ഇടയിലൂടെയാണ് aqueous humor പുറത്തേക്കു പോകുന്നത്. ഈ വഴി ചില അവസരങ്ങളിൽ ഇടുങ്ങിയതാവുകയും കണ്ണിനു പുറത്തേക്ക് ദ്രാവകം സുഗമമായി പോകുന്നത് തടസ്സപ്പെടുകയും ചെയ്യും. ഇത് കണ്ണിനുള്ളിലെ മർദ്ദം കൂട്ടും. അസഹനീയമായ വേദന, കണ്ണിന്റെ ചുവപ്പ്, കാഴ്ച മങ്ങൽ,ഛർദ്ദി എന്നിവയാണ് ലക്ഷണങ്ങൾ. അടിയന്തര ചികിത്സ വേണ്ടിവരുന്ന അവസ്ഥയാണ് ഇത്. ചില അവസരങ്ങളിൽ കണ്ണിനുള്ളിലെ മർദ്ദം സാധാരണ നിലയിലാണെങ്കിലും നേത്രനാഡിക്ക് ക്ഷതം സംഭവിക്കാം. Normal Tension Glaucoma എന്നാണ് ഈ അവസ്ഥയെ പറയുക. അപൂർവമായാണെങ്കിലും, ചില കുഞ്ഞുങ്ങളിൽ ജനിക്കുമ്പോൾത്തന്നെതന്നെ ഗ്ലൂക്കോമ ഉണ്ടാകാം. ഇതിനെ Congenital glaucoma എന്നു പറയുന്നു.
പരിശോധന
എന്തെല്ലാം?
mമ്പൂർണ്ണ നേത്രപരിശോധനയിലൂടെ മാത്രമേ ഗ്ളൂക്കോമ ആരംഭത്തിൽ കണ്ടുപിടിക്കാൻ സാധിക്കൂ. നാല്പതു വയസ് കഴിയുമ്പോൾ വെള്ളെഴുത്തിന് കണ്ണട വയ്ക്കുന്നതിനൊപ്പം ഒരു സമ്പൂർണ നേത്രപരിശോധന കൂടി നടത്തുക. ഈ പരിശോധനയിൽ ഗ്ളൂക്കോമയുടെ സംശയം തോന്നുകയാണെങ്കിൽ, കൂടുതൽ വിശദ പരിശോധനകൾ നടത്താം. ചുവടെ പറയുന്നവ അത്തരം പരിശോധനകളാണ്.
കാഴ്ചയുടെ വ്യാപ്തി പരിശോധിക്കുന്ന visual field അഥവാ perimetry test
കോർണിയയുടെ കനം പരിശോധിക്കുന്ന pachymetry test
കണ്ണിന്റെ മർദ്ദം അളക്കുന്ന tonometry test
നേത്രനാഡി പരിശോധിക്കുന്ന, scanmy test- OCT Test
കണ്ണിനുള്ളിൽ ബ്ലോക്കിനുള്ള സാദ്ധ്യത പരിശോധിക്കാൻ gomioscopy test
Slit lamp എന്ന ഉപകരണം ഉപയോഗിച്ച് കണ്ണിനുള്ളിലെ ഘടനയുടെ പരിശോധന
തെണ്ണൂറു ശതമാനം രോഗികളിലും തുള്ളിമരുന്നുകൾ കൊണ്ടുള്ള ചികിത്സ ഫലപ്രദമാകും. ചില അവസരങ്ങളിൽ ലേസർ ചികിത്സയും ശസ്ത്രക്രിയയും ആവശ്യമായി വന്നേക്കാം. ഗ്ളൂക്കോമ മൂലം നഷ്ടപ്പെട്ട കാഴ്ച വീണ്ടെടുക്കുക ദുഷ്കരമാണെന്ന കാര്യം മറക്കരുത്. ഫലപ്രദമായ ചികിത്സയിലൂടെ നേരത്തേ കണ്ടുപിടിക്കുകയാണെങ്കിൽ കാഴ്ച നഷ്ടപ്പെടുന്നത് തടയുവാൻ സാധിക്കും. ചികിത്സ വൈകിയാൽ, ശേഷിക്കുന്ന കാഴ്ച നിലനിറുത്താനായിരിക്കും ശ്രമിക്കുന്നത്.
(തിരുവനന്തപുരം കുമാരപുരത്തെ ദിവ്യപ്രഭാ ഐ ഹോസ്പിറ്റൽ ഡയറക്ടർ ആണ് ഡോ. ദേവിൻ പ്രഭാകർ. മൊബൈൽ: 97465 45544)