
വേനൽ കടുത്തതോടെ ഒട്ടുമിക്കവരും പലതരത്തിലുളള ശീതള പാനീയങ്ങൾ കടകളിൽ നിന്ന് സ്ഥിരമായി വാങ്ങി കുടിക്കാറുണ്ട്. ഇത്തരത്തിലുളള പാനീയങ്ങൾ നമ്മുടെ ആരോഗ്യത്തിന് ഹാനീകരമാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാലും ദാഹം ശമിപ്പിക്കാനായി മിക്കവരും കടകളിൽ നിന്ന് ഇവയാണ് വാങ്ങി കുടിക്കുന്നത്.
ദാഹമകറ്റാൻ നിരവധി ജ്യൂസുകളും ഷേക്കുകളും വീട്ടിൽ തന്നെ തയ്യാറാക്കി കുടിക്കാവുന്നതേയുളളു. ഇതിലൂടെ നമുക്ക് ആരോഗ്യവും പണവും ലാഭിക്കാം. വിശപ്പും ദാഹവും ഒരുപോലെയകറ്റാൻ സാധിക്കുന്ന ഒരു ഷേക്ക് തയ്യാറാക്കിയാലോ. ക്യാരറ്റ് ഉപയോഗിച്ച് അധികം ചെലവില്ലാതെ നമുക്ക് ഷേക്ക് തയ്യാറാക്കാം, വീട്ടിലുളളവർക്കും അതിഥികൾക്കും ഒരുപോലെ ഇഷ്ടമാകുന്ന ഈ വിഭവം തയ്യാറാക്കുന്ന രീതി പരിചയപ്പെടാം.

രണ്ട് ക്യാരറ്റുകളാണ് ഷേക്ക് തയ്യാറാക്കാൻ ആവശ്യം. ഇവയെ അര കപ്പ് വെളളം ചേർത്ത് നന്നായി പാകം ചെയ്തെടുക്കുക. ശേഷം ക്യാരറ്റിന്റെ ചൂട് പോകാനായി മാറ്റി വയ്ക്കുക. ഈ സമയം രണ്ട് ടീസ്‌പൂൺ കസ്‌കസ് നന്നായി വൃത്തിയാക്കിയതിന് ശേഷം അല്പം പഞ്ചസാരയും വെളളവും ചേർത്ത് അഞ്ച് മിനിട്ട് മാറ്റി വയ്ക്കുക. ജാറിലേക്ക് ക്യാരറ്റും ആവശ്യത്തിന് തണുത്ത പാലും പഞ്ചസാരയും രണ്ട് സ്കൂപ്പ് വാനില ഐസ്ക്രീമും ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം ഇതിനെ ഒരു പാത്രത്തിലേക്ക് മാറ്റിയിട്ട് ആപ്പിളും പഴവും ചെറുതായി അരിഞ്ഞ് ചേർക്കാവുന്നതാണ്. അല്ലെങ്കിൽ നിങ്ങൾക്കിഷ്ടപ്പെട്ട പഴവർഗങ്ങൾ ചേർക്കാവുന്നതാണ്. ഇതിലേക്ക് ബദാമും പിസ്തയും ചെറിയ കഷ്ണങ്ങളാക്കി ചേർക്കുന്നത് നല്ലതാണ്. പത്ത് മിനിട്ടെങ്കിലും ഷേക്ക് ഫ്രിഡ്ജിൽ വച്ചതിന് ശേഷം കുടിക്കുകയാണെങ്കിൽ കൂടുതൽ രൂചികരമായിരിക്കും.