v

മുംബയ്: മലയാളികൾക്ക് എല്ലാവർക്കും പരിചയമുള്ള ഭക്ഷണമല്ല വടാപാവ്. എന്നാൽ ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയിൽ, അവരുടെ ജീവിതത്തിൽ വലിയ പ്രധാന്യമുണ്ട് വടാപാവിന്. മുംബയ് സ്ട്രീറ്റ് ഫുഡ‌ിൽ മുൻപന്തിയിൽ നിൽക്കുന്ന ഈ വിഭവത്തിന് വിദേശത്തും ആരാധകർ ഏറെയാണ്.

ഇപ്പോഴിതാ ജനപ്രിയ ഭക്ഷണ, യാത്രാ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസിന്റെ ലോകത്തിലെ ഏറ്റവും മികച്ച സാൻഡ്‌വിച്ചുകളുടെ പട്ടികയിൽ വടാപാവ് ഇടംപിടിച്ചിരിക്കുകയാണ്. 19-ാം സ്ഥാനമാണ് ഈ വിഭവത്തിന്. ബാൻ മി, ടോംബിക് ഡോണർ, ഷവർമ എന്നിവയാണ് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനത്ത്.

1970-80ൽ നിരവധി സമരങ്ങളാൽ മുംബൈ പ്രക്ഷുബ്ധമായ കാലഘട്ടത്തിലാണ് വടാപാവ് ശ്രദ്ധേയമാകുന്നത്. അത് പല ടെക്സ്റ്റൈൽ മില്ലുകളും അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചു. അതുകാരണം തൊഴിൽ നഷ്ടപ്പെട്ട മിൽ തൊഴിലാളികൾ സ്വന്തമായി വടപാവ് സ്റ്റാളുകൾ തുറന്നു. വളരെ പെട്ടെന്നു തന്നെ വടാപാവ് പ്രസിദ്ധിയാർജിച്ചു. അശോക് വൈദ്യ എന്ന തെരുവ് കച്ചവടക്കാരനിൽ നിന്നാണ് ഈ തെരുവ് ഭക്ഷണം ഉത്ഭവിച്ചതെന്നാണ് കരുതപ്പെടുന്നത്. ദാദർ റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു അശോക് കച്ചവടം ചെയ്തതായി പറയപ്പെടുന്ന. ഇത് പിന്നീട് തൊഴിലാളി വർഗത്തിന്റ ലഘുഭക്ഷണമായി അംഗീകരിക്കപ്പെട്ടു.

മുംബയിലെ തിരക്കേറിയ ലോക്കൽ ട്രെയിനുകളിലെ ദീർഘമായ യാത്രകൾക്കിടയിൽ യാത്രക്കാരുടെ പ്രിയപ്പെട്ട ഭക്ഷണമായി വടാപാവ്.

ഉണ്ടാക്കാൻ എളുപ്പവും വിലകുറഞ്ഞതും കഴിക്കാൻ സൗകര്യപ്രദവുമായതിനാൽ തന്നെ ഇതിന്‍റെ ജനപ്രീതി കുതിച്ചുയർന്നു. മുമ്പ് ലോകത്തിലെ ഏറ്റവും മികച്ച അരിയായി ഇന്ത്യയുടെ ബസ്മതി അരിയും, ലോകത്തിലെ ഏറ്റവും മികച്ച പാലുൽപ്പന്ന പാനീയമായി മാംഗോ ലസ്സിയും ടേസ്റ്റ് അറ്റ്‌ലസിന്‍റെ പട്ടികയിൽ ഇടംനേടിയിരുന്നു.