oscar

 ക്രിസ്‌റ്റഫർ നോളൻ സംവിധായകൻ,​ കിലിയൻ മർഫി നടൻ,​ എമ്മ സ്‌റ്റോൺ നടി

ലോസ്ആഞ്ചലസ് : 96ാമത് ഓസ്കാറിൽ ചരിത്രം കുറിച്ച് ഓപ്പൺഹൈമർ. മികച്ച ചിത്രമടക്കം 7 പ്രധാന പുരസ്കാരങ്ങൾ ഓപ്പൺഹൈമറിനാണ്. ചിത്രത്തിലൂടെ ലോകത്തെ വിസ്മയിപ്പിച്ച ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകനും നായകവേഷമിട്ട കിലിയൻ മർഫി മികച്ച നടനുമായി. ആ​റ്റംബോംബിന്റെ പിതാവായി അറിപ്പെടുന്ന വിഖ്യാത അമേരിക്കൻ ശാസ്ത്രജ്ഞൻ

ജെ. റോബർട്ട് ഓപ്പൻഹൈമറിന്റെ ജീവിതമാണ് ചിത്രം വരച്ചുകാട്ടുന്നത്.

ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ റിയർ അഡ്മിറൽ ലൂയിസ് സ്ട്രോസിനെ അവതരിപ്പിച്ച റോബർട്ട് ഡൗണി ജൂനിയറാണ് മികച്ച സഹനടൻ. മൂവരുടെയും ആദ്യ ഓസ്കാർ നേട്ടമാണ്. അനാട്ടമി ഒഫ് എ ഫോൾ, ബാർബി, കില്ലേഴ്സ് ഒഫ് ദ ഫ്ലവർ മൂൺ, പുവർ തിംഗ്സ്, ദ സോൺ ഒഫ് ഇന്ററസ്റ്റ് തുടങ്ങി ഒമ്പത് ചിത്രങ്ങളെ പിന്തള്ളിയാണ് ഓപ്പൺഹൈമറിന്റെ നേട്ടം. യോർഗോസ് ലാൻതിമോസ് ഒരുക്കിയ പുവർ തിംഗ്സ് നാല് പുരസ്കാരങ്ങൾ നേടി ഓപ്പൺഹൈമറിന് പിന്നിലെത്തി.

ഛായാഗ്രഹണം (ഹോയ്തെ വാൻ ഹോയ്‌തെമ), എഡിറ്റിംഗ് (ജെന്നിഫർ ലേം), ഒറിജിനൽ സ്കോർ (ലുഡ്‌വിഗ് ഗൊറാൻസൺ) എന്നീ പുരസ്കാരങ്ങളും ഓപ്പൺഹൈമർ സ്വന്തമാക്കി.

ഫെബ്രുവരിയിൽ ബ്രിട്ടീഷ് അക്കാഡമി (ബാഫ്‌റ്റ) പുരസ്കാരങ്ങളിലും ഇതേ ഏഴ് വിഭാഗങ്ങളിലും ഓപ്പൺഹൈമറിനായിരുന്നു ജയം.

എമ്മ സ്റ്റോൺ (പുവർ തിംഗ്സ്)​ ആണ് മികച്ച നടി. നേരത്തെ ലാ ലാ ലാൻഡിലൂടെയും (2017)​ എമ്മ ഈ അംഗീകാരം നേടിയിരുന്നു.

ഇന്ത്യയ്ക്ക് നിരാശ

പീഡനത്തിനിരയായ ജാർഖണ്ഡ് പെൺകുട്ടിയെ കേന്ദ്രീകരിച്ച് ഇന്ത്യൻ വംശജയായ കനേഡിയൻ സംവിധായിക നിഷ പഹൂജ ഒരുക്കിയ 'ടു കിൽ എ ടൈഗർ' ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ നോമിനേഷൻ നേടിയിരുന്നു. എന്നാൽ, യുക്രെയിൻ അധിനിവേശത്തിന്റെ കഥ പറയുന്ന '20 ഡേയ്സ് ഇൻ മരിയുപോളി'നാണ് ജയം. വിദേശ ചിത്രത്തിലേക്കുള്ള ഇന്ത്യയുടെ ഒൗദ്യോഗിക എൻട്രിയായിരുന്ന ' 2018' ഷോർട്ട്ലിസ്റ്റിൽ ഇടംനേടിയിരുന്നില്ല.

മറ്റ് പ്രധാന പുരസ്കാരങ്ങൾ

സഹനടി - ഡേവൈൻ ജോയ് റാൻഡൽഫ് (ദ ഹോൽഡോവേഴ്സ്)

വിദേശ ചിത്രം - ദ സോൺ ഒഫ് ഇന്ററസ്റ്റ്

ഒറിജിനൽ സോംഗ് - വാട്ട് വാസ് ഐ മെയ്ഡ് ഫോർ (ബാർബി)​

തിരക്കഥ - അനാട്ടമി ഒഫ് എ ഫോൾ

ആനിമേറ്റഡ് ഫീച്ചർ ഫിലിം- ദ ബോയ് ആൻഡ് ദ ഹെറൺ

കോസ്റ്റ്യൂം ഡിസൈൻ - പുവർ തിംഗ്സ്

വിഷ്വൽ ഇഫക്ട്സ്- ഗോഡ്സില്ല മൈനസ് വൺ