arrest

വളാഞ്ചേരി: ശിവരാത്രി ആഘോഷത്തിനിടെ ആലുവ മണപ്പുറത്തുനിന്ന് സ്മാർട്ട് ഫോണുകൾ മോഷ്ടിച്ച മൂവർസംഘം അറസ്റ്റിൽ. ആതവനാട് സ്വദേശി വെട്ടിക്കാട്ടിൽ മൊയ്തീൻ എന്ന കാവാട് കുഞ്ഞിപ്പ, കുറ്റിപ്പുറം കഴുത്തല്ലൂർ സ്വദേശി തോട്ടിപ്പറമ്പിൽ സരേഷ് എന്ന താടി സരേഷ്, മുത്തൂർ കട്ടക്കളങ്ങര സ്വദേശി മുജീബ് റഹ്മാൻ എന്ന തലൈവർ മുജീബ് എന്നിവരാണ് പിടിയിലായത്. വളാഞ്ചേരിയിലെ സ്വകാര്യ ബാറിനുസമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മൂന്നപേരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോഷ്ടിച്ചെടുത്ത ആറ് സ്മാർട്ട് ഫോണുകളും കണ്ടെടുത്തു.

നിരവധി മോഷണക്കേസുകൾക്കും പ്രതികളുടെ അറസ്റ്റോടെ തുമ്പായി. മോഷ്ടിക്കപ്പെട്ട ഫോണുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതികൾ വളാഞ്ചേരിയിൽ എത്തിയതായി മനസിലാക്കിയായിരുന്നു അറസ്റ്റ് . മോഷണം, മദ്യവില്പന, പിടിച്ചുപറി, ബസുകളിൽ പോക്കറ്റടി തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണിവർ. കേരളത്തിലെ വിവിധ സ്‌റ്റേഷനുകളിലായി നിരവധി മോഷണ കേസുകൾ ഇവർക്കെതിരെയുണ്ട്. തിരൂർ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതികളെ ആലുവ പൊലീസിന് കൈമാറും.