
തിരുവനന്തപുരം ഉൾപ്പെടെ ഏഴ് വിമാനത്താവളങ്ങളിൽ വൻ മൂലധന നിക്ഷേപം
കൊച്ചി: തിരുവനന്തപുരം ഉൾപ്പെടെ ഏഴ് വിമാനത്താവളങ്ങളുടെ വികസനത്തിന് അടുത്ത പത്ത് വർഷത്തിനുള്ളിൽ 60,000 കോടി രൂപ നിക്ഷേപിക്കാൻ അദാനി ഗ്രൂപ്പ് ഒരുങ്ങുന്നു. ടെർമിനലിന്റെയും റൺവേയുടെയും വികസനത്തിനായി അഞ്ച് വർഷത്തേക്ക് 30,000 കോടി രൂപയുടെ നിക്ഷേപമുണ്ടാകും. ശേഷിക്കുന്ന 30,000 കോടി രൂപ വിമാനത്താവളത്തിന് പുറത്തുള്ള കെട്ടിടങ്ങളും ഹോട്ടലുകളും കാർ പാർക്കിംഗ് സൗകര്യങ്ങളും കാർഗോ സംവിധാനങ്ങളും ഒരുക്കുന്നതിനാണ് മുടക്കുക. തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ട് ഏക്കർ സ്ഥലത്ത് അധിക സൗകര്യങ്ങൾ ഒരുക്കാൻ പദ്ധതിയുണ്ട്.
ഇതിനാവശ്യമായ തുക അദാനി എന്റർപ്രൈസസ് സ്വന്തം നിലയിൽ കണ്ടെത്തുമെന്ന് അദാനി എയർപോർട്ട്സ് ഹോൾഡിംഗ്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ അരുൺ ബൻസാൽ പറഞ്ഞു. 2,400 കോടി രൂപ നിക്ഷേപത്തിലാരംഭിച്ച ലക്‌നൗവിലെ പുതിയ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ പ്രതിവർഷം 11 കോടി യാത്രക്കാരെയാണ് ഏഴ് വിമാനത്താവളങ്ങൾ കൈകാര്യം ചെയ്യുന്നത്. അടുത്ത പത്ത് വർഷത്തിനുള്ളിൽ കൈകാര്യ ശേഷി മൂന്നിരട്ടിയായി ഉയരും.
നവി മുംബയ് വിമാനത്താവളം അടുത്ത വർഷം തുടങ്ങും
നവി മുംബയിൽ 18,000 കോടി രൂപയുടെ നിക്ഷേപത്തിൽ നിർമ്മിക്കുന്ന ഗ്രീൻഫീൽഡ് വിമാനത്താവളം അടുത്ത വർഷം മാർച്ചിൽ പ്രവർത്തനം തുടങ്ങുമെന്ന് അദാനി പോർട്ട്സ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി പറഞ്ഞു.
അദാനി വിമാനത്താവളങ്ങൾ
മുംബയ്
അഹമ്മദാബാദ്
ലക്‌നൗ
മാംഗ്ളൂർ
ഗുവാഹത്തി
ജയ്‌പൂർ
തിരുനന്തപുരം