
ഭോപ്പാൽ: ഗ്യാൻവാപിക്ക് പിന്നാലെ മദ്ധ്യപ്രദേശിലെ വിവാദ ഭോജ്ശാല കമൽ മൗല മസ്ജിദ് തർക്കസ്ഥലത്തും സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ. മദ്ധ്യപ്രദേശ് ഹൈക്കോടതിയാണ് ഉത്തരവിട്ടത്. സമുച്ചയം സരസ്വതീക്ഷേത്രമെന്ന് ഹിന്ദുക്കളും മസ്ജിദ് ആണെന്ന് മുസ്ളിം വിഭാഗവും കാലങ്ങളായി തർക്കമുന്നയിച്ചു വരികയാണ്.
തർക്കസ്ഥലത്ത് വാഗ്‌ദേവതയായ സരസ്വതിയുടെ ക്ഷേത്രാവശിഷ്ടം കണ്ടെത്താൻ സർവേ നടത്തണമെന്ന് ഹിന്ദു ഫ്രണ്ട് എന്ന സംഘടന സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. സമുച്ചയത്തിൽ മുസ്ളിങ്ങൾക്ക് നമസ്‌കാരത്തിന് 2003ൽ അനുമതി നൽകിയതിനെയും ചോദ്യം ചെയ്യുന്നു.
ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാർ (ജി.പി.ആർ) സംവിധാനം, കാർബൺ ഡേറ്റിംഗ് ഉൾപ്പെടെ സർവേയ്ക്ക് ഉപയോഗിക്കാം. ഏപ്രിൽ 29ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാനും ജിസ്റ്റിസുമാരായ ധർമ്മാധികാരി, ദേവനാരായൺ മിശ്ര എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. നിലവിൽ ആർക്കിയോളജി വകുപ്പിന്റെ സംരക്ഷണയിലാണ് തർക്ക മന്ദിരം.
കഴിഞ്ഞ സെപ്തംബറിൽ ചിലർ കടന്നുകയറി സരസ്വതീവിഗ്രഹം പ്രതിഷ്ഠിച്ചത് വിവാദമായിരുന്നു. പൊലീസ് പിന്നീട് വിഗ്രഹം എടുത്തുമാറ്റി കനത്ത സുരക്ഷ ഏർപ്പെടുത്തി.
ആരാധനാ വിവാദം
മദ്ധ്യപ്രദേശിലെ ധർ ജില്ലയിലാണ് തക്കസ്ഥലം. സമുച്ചയം ക്ഷേത്രമാണോ പള്ളിയാണോ എന്ന തർക്കത്തെ തുടർന്ന് 1997ൽ സർക്കാർ അടച്ചുപൂട്ടി. ആർക്കിയോളജിക്കൽ വകുപ്പിന് സംരക്ഷണാനുമതിയും കൈമാറി. എന്നാൽ, 2003 മുതൽ ചൊവ്വാഴ്ചകളിൽ ഹിന്ദുക്കൾക്കും വെള്ളിയാഴ്ചകളിൽ മുസ്ലിങ്ങൾക്കും സന്ദർശനാനുമതി നൽകി. എന്നാൽ, വെള്ളിയാഴ്ചകളിൽ വസന്ത പഞ്ചമി വരുന്ന വർഷങ്ങളിൽ ഇവിടെ ആരാധനയ്ക്ക് ഹിന്ദുക്കളും എത്തുന്നത് സംഘർഷാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.